കേരളത്തിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ രൂക്ഷ വിമർശനം; ഖരമാലിന്യ സംസ്കരണം പരാജയപ്പെട്ടെന്ന് ട്രിബ്യൂണൽ

By Web TeamFirst Published Jan 28, 2020, 7:39 PM IST
Highlights

കേരളം സമര്‍പ്പിച്ച പദ്ധതിയില്‍ ഖര മാലിന്യ ശേഖരണവും സംസ്‌കരണവും തമ്മിലുള്ള അന്തരം വലുതാണെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. ഫെബ്രുവരി 28 ന് പുതിയ പദ്ധതിയുമായി സംസ്ഥാന നഗരവികസന സെക്രട്ടറിയോട് ഹാജരാകാനും ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു.

ദില്ലി: കേരളത്തിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ രൂക്ഷ വിമർശനം. സംസ്ഥാനത്തിന്റെ ഖരമാലിന്യ സംസ്കരണം പരാജയപ്പെട്ടെന്ന് ഹരിത ട്രിബ്യൂണൽ വിമർശിച്ചു. മാലിന്യ സംസ്കരണത്തിന് ശരിയായ രീതിയിലുള്ള നടപടികൾ സ്വീകരിക്കുന്നതിന് കേരളം പിന്നോട്ട് പോയെന്നും ജസ്റ്റിസ് ആദർശ് കുമാർ ഗോയലിൽ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഫെബ്രുവരി 28 ന് പുതിയ പദ്ധതിയുമായി സംസ്ഥാന നഗരവികസന സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും ദേശീയ ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു.

കേരളം സമര്‍പ്പിച്ച പദ്ധതിയില്‍ ഖര മാലിന്യ ശേഖരണവും സംസ്‌കരണവും തമ്മിലുള്ള അന്തരം വലുതാണെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. പരിസ്ഥിതി, ജനങ്ങളുടെ ആരോഗ്യം, നിയമവാഴ്ച എന്നിവ കണക്കിലെടുത്തല്ല പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും കേരളം ഒരു വര്‍ഷം പാഴാക്കിയെന്നും ട്രിബ്യൂണല്‍ വിമര്‍ശിച്ചു. ഫെബ്രുവരി 28 ന് നേരിട്ട് ഹാജരായില്ലെങ്കില്‍ 2010 ലെ ദേശീയ ഹരിത ട്രിബ്യൂണല്‍ നിയമ പ്രകാരമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, കൊച്ചി ബ്രഹ്മപുരത്ത് 18 മാസത്തിനുള്ളില്‍ പുതിയ ഖര മാലിന്യ സംസ്‌കരണ പ്ലാന്‍റെ നിര്‍മ്മിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ട്രിബ്യൂണലിനെ അറിയിച്ചു.

 

click me!