ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്കും തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സഹായകരമായ ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്

Published : Jan 29, 2026, 03:05 PM IST
Budget veena george

Synopsis

സംസ്ഥാന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് 2500.31 കോടി രൂപയുടെ പദ്ധതി വിഹിതം പ്രഖ്യാപിച്ചു. എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ, കാൻസർ ചികിത്സയ്ക്ക് അധികതുക, അങ്കണവാടി, ആശാ വർക്കർമാരുടെ വേതന വർദ്ധനവ് എന്നിവ പ്രധാന പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു.

തിരുവനന്തപുരം: ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്കുള്ള പദ്ധതി വിഹിതം ഗണ്യമായി വര്‍ദ്ധിപ്പിച്ച് 2500.31 കോടി രൂപ വകയിരുത്തി. മെഡിക്കല്‍ കോളേജുകള്‍ക്കായി 259.93 കോടി രൂപ നീക്കിവച്ചു. ആരോഗ്യ മേഖലയില്‍ നടന്നു വരുന്ന തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഇത് സഹായിക്കുമെന്നും മന്ത്രി.

ആരോഗ്യ രംഗത്തെ പ്രധാന പ്രഖ്യാപനങ്ങൾ:

· റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യത്തെ 5 ദിവസം പണരഹിത ചികിത്സ നല്‍കുന്ന പദ്ധതിയ്ക്കായി 15 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യമുണ്ടാകും.

· അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 1000 രൂപയുടേയും അങ്കണവാടി ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 500 രൂപയുടേയും വര്‍ധനവ് വരുത്തി.

· ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 1000 രൂപ രൂപയുടെ വര്‍ധനവ് വരുത്തി.

· കേരളത്തിലെ വയോധികര്‍ക്കിടയില്‍ ന്യൂമോകോക്കല്‍ വാക്‌സിനേഷന്‍ പരിപാടിയ്ക്കായി 50 കോടി രൂപ വകയിരുത്തി. ബിപിഎല്‍ കുടുംബങ്ങളിലെ 60 വയസ്സും അതില്‍ കൂടുതലുമുള്ള പ്രായമായ വ്യക്തികള്‍ക്ക് സഹായകരമാകും.

· ഡയാലിസിസ് സൗകര്യമില്ലാത്ത എല്ലാ താലൂക്ക് തല ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി 14.20 കോടി രൂപ വകയിരുത്തി. ഇതോടെ താലൂക്ക് തലം വരെയുള്ള എല്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും.

· മലബാര്‍ കാന്‍സര്‍ സെന്ററിന് 50 കോടി രൂപ, കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് 30 കോടി രൂപ, ആര്‍.സി.സിക്ക് 90 കോടി രൂപ, മെഡിക്കല്‍ കോളേജുകള്‍ വഴിയുള്ള കാന്‍സര്‍ ചികിത്സയ്ക്ക് 30 കോടി രൂപ, ജില്ലാ/താലൂക്ക് ആശുപത്രികള്‍ക്ക് 3 കോടി രൂപ എന്നിവ ഉള്‍പ്പെടെ കാന്‍സര്‍ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി ആകെ 203 കോടി രൂപ നീക്കിവച്ചു. കഴിഞ്ഞ വര്‍ഷത്തെ വിഹിതത്തെക്കാള്‍ എം.സി.സി, ആര്‍.സി.സി, എന്നിവയ്ക്ക് 15 കോടി രൂപ വീതവും സി.സി.ആര്‍.സി.ക്ക് 12 കോടി രൂപയും മെഡിക്കല്‍ കോളേജുകള്‍ക്ക് 10 കോടി രൂപയും അധികമായി വകയിരുത്തി.

· പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന പദ്ധതിയില്‍ 6.50 കോടി രൂപ നീക്കിവച്ചു.

· കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കായി (കാസ്പ്) 900 കോടി രൂപ നീക്കിവച്ചു.

· തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ റോബോട്ട് സ്ഥാപിക്കുന്നതിന് 12 കോടി രൂപ വകയിരുത്തി.

· ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടം സുസ്ഥിരമാക്കുന്നതിനായി 70.92 കോടി വകയിരുത്തി.

· മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ആശുപത്രി മാലിന്യ സംസ്‌കരണത്തിനായി 22 കോടി രൂപ നീക്കിവച്ചു. ഇതിനു പുറമെ ആരോഗ്യ സേവന വകുപ്പിന് 3.10 കോടി രൂപയും വകയിരുത്തി.

· ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെഡിക്കല്‍, പാരാമെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി 10 കോടി രൂപ വകയിരുത്തി.

· ഡിഎച്ച്എസിന് കീഴിലുള്ള ആശുപത്രികളില്‍ കാത്ത് ലാബും ഐസിയുവും സ്ഥാപിക്കുന്നതിന് 7 കോടി രൂപ.

· ഗോത്ര-തീരദേശ-ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ആശുപത്രികളുടെയും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെയും സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 13 കോടി രൂപ.

· ഡി.എം.ഇ.യുടെ കീഴിലുള്ള മെഡിക്കല്‍ കോളേജുകള്‍ക്കായി 259.93 കോടി രൂപ നീക്കിവച്ചു. ഇടുക്കി, കോന്നി, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ പുതിയ മെഡിക്കല്‍ കോളേജുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തും.പദ്ധതിക്കായി 57.09 കോടി രൂപ വകയിരുത്തി.

· ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ ആയുഷ് വകുപ്പുകളിലെ ഗവേഷണവും വികസനവും ശക്തിപ്പെടുത്തുന്നതിന് 2.50 കോടി രൂപ വകയിരുത്തി.

· ഇടുക്കി ഉടുമ്പന്‍ചോലയിലുള്ള പുതിയ സര്‍ക്കാര്‍ ആയുര്‍വേദ കോളേജിന് 1.50 കോടി വകയിരുത്തി.

· ഔഷധിക്ക് 2.30 കോടി രൂപയും, ഹോംകോയ്ക്ക് 1 കോടി രൂപയും വകയിരുത്തി.

· വേദന-സാന്ത്വന-വയോജന ആരോഗ്യ പരിചരണ കേന്ദ്രങ്ങള്‍ക്കായി 5 കോടി രൂപ

· പകര്‍ച്ചവ്യാധികളുടെ നിയന്ത്രണം എന്ന പദ്ധതിക്കായി 12 കോടി രൂപയും സാംക്രമികേതര രോഗങ്ങളെ പ്രതിരോധിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്കായി 13 കോടി രൂപയും വകയിരുത്തി.

· സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രികളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 9 കോടി.

· കേരള എമര്‍ജന്‍സി മെഡിക്കല്‍ സര്‍വ്വീസസ് പ്രോജക്റ്റിന് (108 ആംബുലന്‍സ്) കീഴിലെ കനിവ് പദ്ധതിക്ക് 38 കോടി രൂപ.

· പബ്ലിക് ഹെല്‍ത്ത് ലബോറട്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 6 കോടി.

· ജില്ലാ ആശുപത്രികളില്‍ മെനോപോസ് ക്ലിനിക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിയ്ക്കായി 3 കോടി രൂപ.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍

· നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വിവിധ ഘടകങ്ങള്‍ക്കുളള 40 ശതമാനം സംസ്ഥാന വിഹിതമായി 465.20 കോടി രൂപ വകയിരുത്തി.

· പി.എം അഭിം പ്രവര്‍ത്തനങ്ങള്‍ക്കുളള സംസ്ഥാന വിഹിതമായി 25 കോടി രൂപ വകയിരുത്തി.

മൃതസഞ്ജീവനി

· മൃതസഞ്ജീവനി പദ്ധതിക്കായി 2.50 കോടി രൂപ വകയിരുത്തി.

സ്ത്രീകളുടെയും കുട്ടികളുടെയും വികസനം

· സ്ത്രീകളുടെയും കുട്ടികളുടെയും വികസനപരവും പോഷകാഹാരപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, അവരുടെ വികസനത്തിനും ക്ഷേമത്തിനുമായുള്ള വിഹിതം വര്‍ദ്ധിപ്പിച്ച് 484.81 കോടി രൂപ വകയിരുത്തി.

· സംസ്ഥാനത്തെ എല്ലാ അങ്കണവാടികളിലും എല്ലാ പ്രവൃത്തിദിവസങ്ങളിലും മുട്ടയോ പാലോ നല്‍കുന്ന പദ്ധതി തുടരുന്നതിനായി 80.90 കോടി രൂപ വകയിരുത്തി.

· പ്രസവാനുകൂല്യ നിയമം അനുസരിച്ചുള്ള ക്രഷുകള്‍ സ്ഥാപിക്കുന്നതിനായി 8 കോടി രൂപ വകയിരുത്തി.

· സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതില്‍ ലിംഗാധിഷ്ഠിത അതിക്രമങ്ങളോട് 'സീറോ ടോളറന്‍സ്' (ഒട്ടും വിട്ടുവീഴ്ചയില്ലാത്ത) സമീപനമാണ് ഈ പ്രതിബദ്ധത സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രായോഗികമാക്കുന്നതിനായി സംസ്ഥാനത്ത് നിര്‍ഭയ നയം നടപ്പിലാക്കിയിട്ടുണ്ട്. ഈ സുരക്ഷാ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി, പരിചരണ കേന്ദ്രങ്ങളുടെയും പിന്തുണാ സേവനങ്ങളുടെയും സമഗ്രമായ വിപുലീകരണം ലക്ഷ്യമിടുകയാണ്.

· നിലവിലുള്ള 14 എന്‍ട്രി ഹോമുകള്‍, എസ്.ഒ.എസ് മോഡല്‍ ഹോമുകള്‍, ഇന്റഗ്രേറ്റഡ് കെയര്‍ സെന്ററുകള്‍ എന്നിവയുടെ ശൃംഖലയ്‌ക്കൊപ്പം, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ഒരു പ്രത്യേക ഹോം കൂടി സ്ഥാപിക്കുന്നതാണ്.

· കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് ആത്മ വിശ്വാസവും സ്വയംപ്രതിരോധ ശേഷിയും നല്‍കുന്നതിനായി ആയോധനകലയില്‍ പരിശീലനം നല്‍കുന്ന 'ധീര' പദ്ധതി 14 ജില്ലാതല വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ക്കൊപ്പം വിപുലീകരിക്കും.

· ഈ സുപ്രധാന സംരക്ഷണ കേന്ദ്രങ്ങള്‍, നിയമസഹായ സേവനങ്ങള്‍, അതിജീവിച്ചവര്‍ കേന്ദ്രീകരിച്ചുള്ള പുനരധിവാസ പരിപാടികള്‍ എന്നിവ തുടരുന്നതിനായി 13 കോടി രൂപ വകയിരുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിവറേജസിന് സമീപം കത്തിക്കുത്ത്, യുവാവിന് പരിക്ക്; കുത്തിയ ആൾക്കായ് തെരച്ചില്‍
പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; 50 പവനിലധികം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു, അന്വേഷണം ആരംഭിച്ചു