'ജെല്ലിക്കെട്ട്' മോഡലിൽ പോത്ത് വിരണ്ടോടി, പള്ളിക്കലില്‍ പരിഭ്രാന്തിയുടെ 3 മണിക്കൂർ: മൂന്ന് പേർക്ക് കുത്തേറ്റു

By Web TeamFirst Published Mar 7, 2020, 8:40 AM IST
Highlights

മലപ്പുറം  കുറുന്തലയിൽ ജെല്ലിക്കെട്ട് മോഡലിൽ പോത്ത് വിരണ്ടോടിയെത്തിയത് മൂന്ന് മണിക്കൂറോളം പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. 

പള്ളിക്കൽ: മലപ്പുറത്ത് പള്ളിക്കല്‍ പഞ്ചായത്തിലെ 21-ാം വാർഡിലെ കുറുന്തലയിൽ ജെല്ലിക്കെട്ട് മോഡലിൽ പോത്ത് വിരണ്ടോടിയെത്തിയത് മൂന്ന് മണിക്കൂറോളം പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. മൂന്ന് പേർക്ക് കുത്തേറ്റു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കുറുന്തല അമ്പലവളവിലായിരുന്നു സംഭവം. പോത്ത് ചെട്ട്യാർമാട് പൈങ്ങോട്ടൂർ ഭാഗത്ത് നിന്നാണ് ഓടിയെതെത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അമ്പലവളവിലെ കോലായി സൈതലവിയുടെ വീട്ടു പറമ്പിലാണ് പോത്ത് ആദ്യം ഓടിവന്നു നിന്നത്.

തേഞ്ഞിപ്പലം എസ് ഐ, വില്ലേജ് ഓഫീസർ, വെറ്റിനറി സർജൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ഉച്ചക്ക് ഒരു മണിയോടെ പോത്തിനെ പിടിച്ചുകെട്ടി. സംഭവമറിഞ്ഞ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും തഹസിൽദാറുടെ പ്രതിനിധിയും പ്രദേശത്ത് എത്തിയിരുന്നു. ഉടമ എത്താത്തതിനാൽ നാട്ടുകാരുടെ നിരീക്ഷണത്തിലാണ് പോത്ത് ഇപ്പോഴുള്ളത്. പോത്തിന്റെ കുത്തേറ്റ് അംഗൻവാടി അധ്യാപിക കണ്ടാരംപൊറ്റ തങ്ക (52), പറമ്പാട്ട് ജയാനന്ദൻ (45), പണ്ടാറക്കണ്ടി രാജൻ (65) എന്നിവർക്ക് പരിക്കേറ്റു. ഇവരെ പള്ളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

click me!