ബഫര്‍സോണ്‍: വിവര ശേഖരണത്തിന് ഉപഗ്രഹ സര്‍വേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധനയും

By Web TeamFirst Published Aug 29, 2022, 6:33 PM IST
Highlights

സാങ്കേതികവിദ്യാ സംവിധാനം വഴിയുള്ള കണക്കെടുപ്പിലെ വിശദാംശങ്ങള്‍ നേരിട്ടുള്ള പരിശോധന വഴി ഉറപ്പിക്കും. ഇക്കാര്യങ്ങള്‍ പഠിച്ച് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമതി രൂപീകരിക്കും.

തിരുവനന്തപുരം: ബഫര്‍സോണ്‍ മേഖലകളിലെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, ഇതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവര ശേഖരണത്തിന് ഉപഗ്രഹ സര്‍വേയ്ക്ക്  പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. 

സാങ്കേതികവിദ്യാ സംവിധാനം വഴിയുള്ള കണക്കെടുപ്പിലെ വിശദാംശങ്ങള്‍ നേരിട്ടുള്ള പരിശോധന വഴി ഉറപ്പിക്കും. ഇക്കാര്യങ്ങള്‍ പഠിച്ച് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമതി രൂപീകരിക്കും. സമിതി ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്ന് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. തദ്ദേശ സ്വയംഭരണം, റവന്യൂ, കൃഷി, വനം എന്നീ വകുപ്പുകള്‍ വകുപ്പുതലത്തില്‍ ലഭ്യമാക്കിയ വിവരങ്ങള്‍ ചീഫ് സെക്രട്ടറി ക്രോഡീകരിക്കും. ഉപഗ്രഹ സംവിധാനം വഴി തയ്യാറാക്കിയ ഡാറ്റയും വകുപ്പുതല ഡാറ്റയും വിദഗ്ധ സമിതി പരിശോധിക്കും. 115 വില്ലേജുകളിലാണ് ബഫര്‍സോണ്‍ വരുന്നത്. ഇവയുടെ യഥാര്‍ത്ഥ വിവരം കൃത്യമായി രേഖപ്പെടുത്താനാണ് വിദഗ്ധ സമിതി രൂപീകരിച്ചത്. 

സുപ്രീംകോടതി ആവശ്യപ്പെട്ടത് പ്രകാരം സാങ്കേതികവിദ്യാ സഹായത്തോടെ ഉപഗ്രഹ സംവിധാനം വഴി ബഫര്‍സോണിലുള്ള കെട്ടിടങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും മറ്റും കണക്കെടുപ്പ് സംസ്ഥാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പുനഃപരിശോധനാ ഹര്‍ജി സംസ്ഥാനം ഫയല്‍ ചെയ്തിട്ടുണ്ട്. തുറന്ന കോടതിയില്‍ വേഗത്തില്‍ വാദം കേള്‍ക്കണം എന്ന ആവശ്യം സംസ്ഥാനം ഉന്നയിക്കും. യോഗത്തില്‍ മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, പി രാജീവ്, കെ രാജന്‍, പി പ്രസാദ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read: ബഫർ സോണിൽ ഒഴിയാത്ത ആശങ്ക, 2019 ലെ ഉത്തരവ് റദ്ദാക്കേണ്ടതില്ലെന്ന് വനംമന്ത്രി ശശീന്ദ്രൻ

ബഫർസോണിൽ സർക്കാരിനെതിരെ താമരശ്ശേരി രൂപത 

ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്കകള്‍ പങ്കുവെച്ച് സംസ്ഥാന സര്‍ക്കാറിനേയും വനംവകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് താമരശ്ശേരി രൂപതയുടെ ഇടയലേഖനം. താമരശേരി രൂപതയിലെ പള്ളികളിലാണ് ഇന്നലെ (ഞായറാഴ്ച) ഇടയ ലേഖനം വായിച്ചത്. സർക്കാർ കർഷകരെ വഞ്ചിക്കുന്നുവെന്ന് വിമർശനം.  റിവ്യൂ ഹർജി കർഷകരുടെ കണ്ണിൽ പൊടിയിടാൻ ആണ്. ഇതിനെതിരെ കർഷകർ പ്രതികരിക്കണമെന്നും ഇടയലേഖനം പറയുന്നു. (തുടര്‍ന്ന് വായിക്കുക)

click me!