
തൃശ്ശൂര്‍: പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ആദിവാസി വയോധിക മരിച്ചു. തൃശൂര്‍ ചിമ്മിനി നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ് (60) തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് വയോധിക ചികിത്സയ്ക്കെത്തിയത്. ഇവര്‍ വാക്സിൻ എടുത്തിരുന്നില്ല. ഒരുമാസം മുമ്പാണ് നായയുടെ കടിയേറ്റെങ്കിലും മൂന്നു ദിവസം മുമ്പാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തിയത്. എം 6 യൂനിറ്റില്‍ ചികിത്സയിലായിരുന്നു. നില വഷളായതോടെ ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
പേവിഷ ബാധ: മൃഗങ്ങളുമായി ഇടപഴകുന്നവർ കുത്തിവയ്പ്പ് മുൻകൂർ എടുക്കണം, നിലവിലെ രീതി മാറണമെന്ന് വിദഗ്‍ധർ
സംസ്ഥാനത്ത് പേവിഷ ബാധയ്ക്കെതിരായ വാക്സിനേഷനിൽ നിലവിൽ പിന്തുടരുന്ന രീതി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഗഗൻദീപ് കാങ്. നായ്ക്കൾ അടക്കം പേവിഷ ബാധ സാധ്യത കൂടുതലുള്ള മൃഗങ്ങളുമായി ഇടപഴകുന്നവർ മുൻകൂർ വാക്സീൻ സ്വീകരിക്കുന്നതാണ് നല്ലതെന്ന് ഗഗൻദീപ് കാങ് വ്യക്തമാക്കി. നിർഭാഗ്യവശാൽ, കടിയേറ്റ ശേഷം വാക്സീൻ നൽകുന്നതാണ് നിലവിലെ രീതി. നായ്ക്കളുടെ ആക്രമണത്തിന് ഇരയായ ശേഷം വാക്സീൻ എടുക്കുമ്പോൾ പരാജയ സാധ്യത കൂടുതലാണ്. കടിയേറ്റ സ്ഥലം, വാക്സീൻ എടുക്കുന്നതിലെ കാലതാമസം എന്നിവ ഫലപ്രാപ്തിയിൽ പ്രധാനമാണെന്നും ഗഗൻദീപ് കാങ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാക്സീൻ ഗുണനിലവാരത്തിൽ പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ എന്നത് പരിശോധനയിലൂടെ തെളിയിക്കപ്പെടേണ്ടതാണെന്നും ഗഗൻദീപ് കാങ് വ്യക്തമാക്കി.
സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം നേരിട്ട ചിലർ പേവിഷ ബാധയ്ക്കെതിരായ വാക്സിനേഷൻ എടുത്ത ശേഷവും മരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. പ്രതിരോധ വാക്സീന്റെ ഗുണനിലവാര കുറവാണ് ഇതിന് കാരണമെന്ന് പല കോണുകളിൽ നിന്ന് പരാതിയും ഉയർന്നു. ഈ സാഹചര്യത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റുള്ള മരണം വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം നായകളുടെ കടിയേറ്റ് ഉണ്ടായിട്ടുള്ള മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടിരിക്കുന്നത്. പേവിഷബാധ സംബന്ധിച്ചുള്ള ആശങ്കകള്‍ അകറ്റുന്നതിന് ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് നിര്‍ദേശം നല്‍കിയത്. വിദഗ്ധ സമിതി ഇതുസംബന്ധിച്ച് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഈ വർഷം ഇതുവരെ 1.2 ലക്ഷം പേർക്ക് കേരളത്തിൽ നായ്ക്കളുടെ കടിയേറ്റതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് വരെ 19 പേർ പേവിഷബാധ ഏറ്റു മരിച്ചു. അതേസമയം രാജ്യത്ത് പ്രതിവർഷം ഇരുപതിനായിരം പേരാണ് പേവിഷ ബാധയേറ്റ് മരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam