ബഫർസോൺ വിഷയം: കേരളം നിയമോപദേശം തേടി;  'കേന്ദ്ര നിലപാട് വേറെ, സംസ്ഥാന നിലപാട് വേറെ' എന്ന് വനം മന്ത്രി

Published : Sep 10, 2022, 10:20 AM ISTUpdated : Sep 10, 2022, 10:27 AM IST
ബഫർസോൺ വിഷയം: കേരളം നിയമോപദേശം തേടി;  'കേന്ദ്ര നിലപാട് വേറെ, സംസ്ഥാന നിലപാട് വേറെ' എന്ന് വനം മന്ത്രി

Synopsis

കേന്ദ്രം പുനഃപരിശോധന ഹർജിയാണ് നൽകിയത് എന്നാണ് ധരിച്ചിരുന്നതെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. പൊതുവേ സുപ്രീംകോടതി വിധി കേന്ദ്രം സ്വാഗതം ചെയ്തതായാണ് മനസ്സിലാകുന്നതെന്നും വനം മന്ത്രി

ദില്ലി: ബഫർസോൺ വിഷയത്തിലെ കേന്ദ്ര നിലപാടിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ. സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം നല്‍കിയ ഹർജിയിൽ ബഫർസോൺ വിധി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെടുന്നതിന് പകരം വ്യക്തതയാണ് തേടുകയാണ് എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ നടപടി. കേന്ദ്രം പുനഃപരിശോധന ഹർജിയാണ് നൽകിയത് എന്നാണ് ധരിച്ചിരുന്നതെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പൊതുവേ സുപ്രീംകോടതി വിധി കേന്ദ്രം സ്വാഗതം ചെയ്തതായാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വിഷയത്തിൽ കേരള താൽപര്യത്തോടൊപ്പം നിന്ന കേന്ദ്രം ഇപ്പോൾ ഷാർപ്പായി പ്രതികരിക്കുന്നില്ല. 

സംശയം തീർക്കാൻ മാത്രമാണ് കേന്ദ്രം കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ കേരളത്തിൻറെ നിലപാടും കേന്ദ്ര നിലപാടും തമ്മിൽ വ്യത്യാസം ഉണ്ട്. വിഷയത്തിൽ സംസ്ഥാന സർക്കാർ ശരിയായ ദിശയിലാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര നിലപാട് എജിയും സുപ്രീം കോടതി അഭിഭാഷകരുമായും ചർച്ച ചെയ്യുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി. അതേസമയം കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെ മന്ത്രി തള്ളി. രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രതിഷേങ്ങളാണ് ഇപ്പോഴത്തേതെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു. 
 
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം ബഫർസോണായി നിലനിർത്തണമെന്ന ഉത്തരവിനെതിരെ പുനഃപരിശോധന ഹർജി നല്‍കിയെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ വിധി പുനഃപരിശോധിക്കണം എന്ന നിർദ്ദേശം ഹർജിയിൽ ഇല്ല എന്ന വിവരം പിന്നീട് പുറത്തു വന്നിരുന്നു. ഒരു കിലോമീറ്റർ ബഫർ സോൺ നിശ്ചയിച്ച 44 എ ഖണ്ഡികയിൽ വ്യക്തത വേണം എന്നാണ് കേന്ദ്രത്തിന്‍റെ ആദ്യ അപേക്ഷ. ഇതിന് മുൻകാല പ്രാബല്യം ഉണ്ടോ എന്ന ചോദ്യവും കേന്ദ്രം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ ഇത്തരം പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഇതിനകമുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി തേടണം എന്ന് നിർദ്ദേശിക്കുന്ന 44 ഇ ഖണ്ഡികയെ കുറിച്ചും കേന്ദ്രം കൂടുതൽ വ്യക്തത തേടുന്നുണ്ട്. കേരളം നേരത്തെ പുനഃപരിശോധന ഹർജിയാണ് നല്‍കിയത്. കേന്ദ്രം വ്യക്തത മാത്രം തേടുന്നതിൽ കാര്യമില്ല എന്ന നിലപാട് സംസ്ഥാനം അറിയിക്കാനാണ് സാധ്യത. എന്നാൽ വിധിയെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാനാണ് നീക്കമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നല്‍കുന്ന വിശദീകരണം. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കേന്ദ്രം പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ