
തൃശ്ശൂർ: തൃശ്ശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കൊടകര ടൗണില്‍ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. കെട്ടിടത്തില്‍ 17 പേരാണ് താമസിച്ചിരുന്നത്. തൊഴിലാളികൾ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. കെട്ടിടത്തിന് കാൽപ്പഴക്കം ഉണ്ടെന്ന് വ്യക്തമാണ്. ഫിറ്റ്നസ് നൽകുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ പഞ്ചായത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ജില്ലാ കേന്ദ്രീകരിച്ച് ഒരു പരിശോധന ഡ്രൈവ് നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഉടൻ തന്നെ വ്യോമമാർഗം മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്നും കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.