അങ്കമാലി വാഹനാപകടം: വാഹനങ്ങളുടെ കാഴ്ച മറച്ച് നിർമ്മിച്ച കെട്ടിടം നഗരസഭ പൊളിച്ച് നീക്കി

By Web TeamFirst Published Nov 27, 2019, 6:29 PM IST
Highlights

അങ്കമാലി ദേശീയ പാതയിലേക്ക് കയറ്റി നിർമ്മിച്ച ഈ കെട്ടിടം വാഹനങ്ങളുടെ കാഴ്ച മറക്കുന്നതായുള്ള പരാതികൾ നിരവധിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നാല് പേർ  റോഡപകടത്തിൽ മരിച്ചതിനെ തുടർന്നാണ് അടിയന്തര നടപടി. 

കൊച്ചി: അങ്കമാലി ദേശീയപാതയിൽ വാഹനങ്ങളുടെ കാഴ്ച മറച്ച് നിർമ്മിച്ച കെട്ടിടം നഗരസഭ പൊളിച്ച് നീക്കി. കഴിഞ്ഞ ദിവസം നാല് പേർ റോഡപകടത്തിൽ മരിച്ചതിനെ തുടർന്നുള്ള പ്രതിഷേധമാണ് അടിയന്തര നടപടിക്ക് കാരണമായത്. നഗരസഭ നടപടികൾക്ക് തൊട്ട് മുൻപ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കെട്ടിടം ഭാഗികമായി തകർത്തിരുന്നു.

അങ്കമാലി ദേശീയ പാതയിലേക്ക് കയറ്റി നിർമ്മിച്ച ഈ കെട്ടിടം വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നതായുള്ള പരാതികൾ നിരവധിയുണ്ടായിരുന്നു. സമീപത്തെ ഇട റോഡിൽ നിന്നുള്ള വാഹനങ്ങൾ ദേശീയപാതയിലേക്ക് കയറുന്നത് പലപ്പോഴും മറ്റ് വാഹനങ്ങളുടെ ശ്രദ്ധയിൽ പെടാറില്ല. ഇതേത്തുടര്‍ന്ന് പ്രദേശത്ത് അപകടം പതിവായിരുന്നു. കഴിഞ്ഞ ദിവസം ഈ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഓട്ടോറിക്ഷയിൽ സ്വകാര്യ ബസ്സിടിച്ച് നാല് ജീവൻ നഷ്ടമായത്. ഈ പശ്ചാത്തലത്തിലാണ് കെട്ടിടം പൊളിക്കാനുള്ള തീരുമാനം.

നഗരസഭ ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി കെട്ടിടം പൊളിച്ചത്. എംഎൽഎ റോജി എം ജോൺ അടക്കം സ്ഥലത്തെത്തിയാണ് പ്രവർത്തകരെ ശാന്തരാക്കിയത്. കളമശ്ശേരി സ്വദേശികളായ രണ്ട് ഉടമകളുടെ പേരിലാണ് കെട്ടിടം. നഗരസഭ രേഖകൾ പ്രകാരം രണ്ട് ഷട്ടറുകൾക്കാണ് അനുമതിയുള്ളത്. എന്നാൽ, കെട്ടിടമുടമകൾ നാല് ഷട്ടറുകൾ ഇട്ടാണ് കട നിർമ്മിച്ചത്. ഇതിൽ ദേശീയപാതയുടെ സ്ഥലവും കൈയ്യേറിയിട്ടുണ്ട്. കൂടുതൽ രേഖകൾ പരിശോധിച്ച് കെട്ടിടം മുഴുവൻ പൊളിച്ച് നീക്കാനാണ് പദ്ധതി.

Also Read: അങ്കമാലി വാഹനാപകടം: അനധികൃതമായി നിർമിച്ച കെട്ടിടം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഭാഗികമായി തകർത്തു

click me!