തിരുവനന്തപുരം നഗരസഭയിലും കെട്ടിട നമ്പർ തട്ടിപ്പ്; കേസെടുത്ത് പൊലീസ്, 2 താത്കാലിക ജീവനക്കാരെ നീക്കി

Published : Jul 04, 2022, 04:48 PM ISTUpdated : Jul 04, 2022, 05:45 PM IST
തിരുവനന്തപുരം നഗരസഭയിലും കെട്ടിട നമ്പർ തട്ടിപ്പ്; കേസെടുത്ത് പൊലീസ്, 2 താത്കാലിക ജീവനക്കാരെ നീക്കി

Synopsis

സംഭവത്തില്‍ നഗരസഭയിലെ രണ്ട് താത്കാലിക ഡാറ്റാ എൻട്രി ജീവനക്കാരെ നീക്കി. നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിലാണ് കണ്ടെത്തൽ. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലും കെട്ടിട നമ്പർ തട്ടിപ്പ്. കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് താത്കാലിക ജീവനക്കാരെ നീക്കി. സംഭവത്തില്‍ മേയറുടെ പരാതിയിൽ സൈബ‍ർ പൊലീസ് കേസെടുത്തു.

കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിന്‍റെ പശ്ചാത്തലത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് തലസ്ഥാനത്തും ക്രമക്കേട് കണ്ടെത്തിയത്. തിരുവനന്തപുരം മരപ്പാലം ടികെഡി റോഡിൽ അജയഘോഷാണ് രണ്ട് വാണിജ്യ കെട്ടിടങ്ങൾ അനധികൃതമായി കെട്ടിട നമ്പർ തരപ്പെടുത്തിയത്. സഞ്ചയ സോഫ്റ്റ്‍വെയറിൽ ഉദ്യോഗസ്ഥരുടെ യൂസർ നൈമും പാസ്‍വേ‍ഡും കൈക്കലാക്കിയാണ് രണ്ട് താത്കാലിക ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ ക്രമക്കേട് നടത്തിയത്. രാവിലെ 8.26നും 8.31നും ഇടയിലാണ് മൂന്ന് ഉദ്യോഗസ്ഥരുടേയും ലോഗിനിൽ കയറി ഇരുവരും കെട്ടിട നന്പർ അനുവദിച്ചത്. ഈ വർഷം ജനുവരി 28നാണ് കെട്ടിട നമ്പർ പാസായത്. നഗരസഭയിൽ നിന്ന് വിരമിച്ചതോ സ്ഥലം മാറിപ്പോയതോ ആയ 38 ഉദ്യോഗസ്ഥരുടെ ലോഗിൻ പ്രവർത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് റദ്ദാക്കി. ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഉദ്യോഗസ്ഥന്മാരെ നിരീക്ഷിക്കാൻ നഗരസഭ ഓർഡർ നൽകി. 

Also Read: ലക്ഷങ്ങളുടെ കോഴയില്‍ നിര്‍മാണ ചട്ടങ്ങളെല്ലാം അട്ടിമറിക്കാം; ഉദാഹരണം മഹിളാ മാള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം   

കോഴിക്കോട് കോര്‍പ്പറേഷനിലും കെട്ടിട നമ്പര്‍ ക്രമക്കേട് നടന്നിരുന്നു. നാല് ലക്ഷം രൂപ കൈക്കൂലിവാങ്ങി ഇടനിലക്കാര്‍ വഴിയാണ് കെട്ടിട നമ്പര്‍ തരപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. വൻ തട്ടിപ്പാണ് കോർപറേഷനിൽ നടന്നത്. സെക്രട്ടറിയുടെ പാസ് വേർഡ് ചോർത്തിയാണ് പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടങ്ങൾക്ക് ഉദ്യോഗസ്ഥർ നമ്പർ നൽകിയത്. സംഭവത്തില്‍ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജ രേഖ നിർമ്മാണം, ഐ ടീ വകുപ്പുകൾ എന്നിവ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

Also Read: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേട്: തട്ടിപ്പ് നടന്നത് ഓഫീസ് പ്രവര്‍ത്തനസമയം കഴിഞ്ഞ്

300 ലേറെ കെട്ടിടങ്ങൾ ചട്ടവിരുദ്ധമായി ക്രമപ്പെടുത്തി

നഗരസഭ പൊളിക്കാൻ നിർദ്ദേശം നൽകിയ കെട്ടിടത്തിന് നമ്പരിട്ട് നികുതി സ്വീകരിച്ച സംഭവത്തിന് തൊട്ടുപുറകേയാണ് കൂടുതൽ ക്രമക്കേടുകൾ പുറത്തുവരുന്നത്. കോർപ്പറേഷൻ പരിധിയിൽ കഴി‍ഞ്ഞ ആറ് മാസത്തിനിടെ 300ഓളം കെട്ടിടങ്ങൾ ചട്ടവിരുദ്ധമായി ക്രമപ്പെടുത്തി. നിർമാണാനുമതി നൽകുന്ന സോഫ്റ്റ് വെയർ പാസ് വേഡ് ചോർത്തിയാണ് ഇത്രയും കെട്ടിടങ്ങൾക്ക് അനുമതി നൽകിയത്. മൂന്ന് ഘട്ടങ്ങളില്‍ പരിശോധന നടത്തി മാത്രമേ കെട്ടിട നമ്പര്‍ നല്‍കാന്‍ കഴിയൂവെന്നിരിക്കെ നടന്ന ക്രമക്കേടിന് പിന്നില്‍ വിലിയ സംഘം പ്രവര്‍ത്തിക്കുന്നതായാണ് സൂചന.

ആറ് മാസത്തിനിടെ ചെറുവണ്ണൂർ സോണൽ ഓഫീസിൽ 260, കോർപ്പറേഷൻ ഓഫീസിൽ 30, ബേപ്പൂർ സോണൽ ഓഫീസിൽ നാല് എന്നിങ്ങനെയാണ് അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിച്ചിരിക്കുന്നത്. സഞ്ജയ് സോഫ്റ്റ് വെയറിന്‍റെ പാസ് വേഡ് ചോർത്തിയാണ് ക്രമക്കേട് നടന്നതെന്ന് കോർപ്പറേഷൻ കണ്ടെത്തി. ഇതിന് വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. മൂന്ന് ഘട്ടങ്ങളിലുളള പരിശോധനയിലൂടെ മാത്രമേ സോഫ്റ്റ് വെയറിലൂടെ ഒരു കെട്ടിടത്തിന്‍റെ നികുതി സ്വീകരിക്കാനാവൂ. പ്രസ്തുത കെട്ടിടത്തിന് ക്രമക്കേടുകളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥൻ നേരിട്ട് സാക്ഷ്യപ്പെടുത്തുകയും വേണം. ഇക്കാര്യങ്ങളിലെല്ലാം വ്യക്തമായ ക്രമക്കേട് നടന്നിട്ടുണ്ട്. 

അതായത് ഒരു ഉദ്യോഗസ്ഥന്റെ മാത്രം യൂസർ നെയിമോ പാസ് വേഡോ ചോർത്തുക വഴി ക്രമക്കേട് കാണിക്കാനാവില്ല. കഴിഞ്ഞ ദിവസം കണ്ടെത്തിയ ക്രമക്കേടിന്‍റെ അടിസ്ഥാനത്തിൽ ആഭ്യന്തര അന്വേഷണത്തിന് മാത്രമാണ് കോർപ്പറേഷൻ ഉത്തരവിട്ടിരിക്കുന്നത്. ക്രമവത്കരിച്ച കെട്ടിടങ്ങൾക്ക് ഡിജിറ്റൽ സിഗ്നേചർ ഇട്ടത് ചെറുവണ്ണൂർ സോണൽ ഓഫീസിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ നാല് കെട്ടിടങ്ങളിൽ മാത്രമാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നതെന്നും കെട്ടിട ഉടമകൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് ഉടൻ മൊഴിയെടുക്കുമെന്നുമാണ് കോർപ്പറേഷൻ ഇപ്പോഴും വിശദീകരിക്കുന്നത്.

PREV
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു