
തിരുവനന്തപുരം : കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ദ്ധനയിൽ സര്‍ക്കാര്‍ ഇളവ് അനുവദിക്കും. ജനരോഷം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്ന സിപിഎം പാര്‍ട്ടി നേതൃയോഗത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് നീക്കം.
കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സര്‍ക്കാർ പ്രഖ്യാപിച്ച നികുതി വര്‍ദ്ധനക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സ്ലാബിലെ ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കിയാൽ മതിയെന്നാണ് ഭരണത്തിലിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളോട് കോൺഗ്രസ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനം കൂട്ടാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണമെന്നാണ് ആവശ്യം.
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനയിൽ കടുത്ത വിമര്‍ശനമാണ് മൂന്ന് ദിവസങ്ങളിലായി നടന്ന സിപിഎം നേതൃയോഗത്തിൽ ഉയർന്നത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ ജനരോഷം കണക്കിലെടുക്കാതെ മുന്നോട്ട് പോകാനാകില്ല. നിരക്ക് വര്‍ദ്ധന പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ അടങ്ങിയ സബ് കമ്മറ്റിയുടെ കൂടി നിര്‍ദ്ദേശങ്ങൾ പരിഗണിച്ചാകും പുനഃപരിശോധന. പൊതുജനങ്ങളിൽ തുടങ്ങി പാര്‍ട്ടിക്കകത്ത് വരെ എതിരഭിപ്രായം ഉയര്‍ന്ന സ്ഥിതിക്ക് നിരക്ക് വര്‍ദ്ധനയിൽ ചെറിയ ഇളവ് വരുത്തി ജനരോഷം മറികടക്കാനുള്ള തീരുമാനം തദ്ദേശ വകുപ്പിൽ നിന്ന് അധികം വൈകാതെ ഉണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam