
കോഴിക്കോട് : കോഴിക്കോട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റെയിൽവെ കരാർ ജീവനക്കാരനായ ഫാരിസിന്റെ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച റിയൽമി 8 ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് റെയിൽവെ കരാർ ജീവനക്കാരനായ ഫാരിസ് രാവിലെ ഓഫീസിൽ എത്തിയപ്പോഴാണ് അപകടം. ജീൻസ് പാന്റിന്റെ കീശയിൽ സൂക്ഷിച്ച ഫോൺ പൊട്ടിത്തെറിച്ച് തീപടർന്നു. വസ്ത്രങ്ങൾ കത്തി. കാലിന്റെ തുടയിലും കാലിന് താഴെയും പൊള്ളലേറ്റു. ഉടനടി വസ്ത്രങ്ങൾ അഴിച്ചുമാറ്റയതിനാൽ പരിക്ക് ഗുരുതരമായില്ല. രണ്ടു വർഷം മുമ്പ് വാങ്ങിയ റിയൽമി എയ്റ്റ് ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണിനോ ബാറ്ററിക്കോ മറ്റ് തകരാറുകൾ ഒന്നുമുണ്ടായിരുന്നില്ല. പരിക്കേറ്റ ഫാരിസ് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൊബൈൽ ഫോൺ കമ്പനിക്കെതിരെ ഉപഭോക്തൃകോടതിയിൽ പരാതി നൽകുമെന്നും ഫാരിസ് പറഞ്ഞു.
പാന്റിന്റെ പോക്കറ്റിലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, കോഴിക്കോട്ട് യുവാവിന് പരിക്ക്
അതെ സമയം, വിഷയത്തിൽ പ്രതികരണവുമായി റിയൽമി കമ്പനി രംഗത്തെത്തി. സമീപകാലത്ത് റിയൽ മി 8 ഫോൺ തി പിടിച്ചു കത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായും വിഷയം പരിശോധിച്ച് വരികയാണെന്നും കമ്പനി അറിയിച്ചു. കോഴിക്കോട് ഫോൺ കത്തിയ സംഭവത്തിൽ ഉടമയെ ബന്ധപ്പെട്ടു. ഫോൺ മൂന്ന് ദിവസം മുൻപ് ഒരു പ്രാദേശിക കടയുടമ റിപ്പയർ ചെയ്തിരുന്നുവെന്ന് ആണ് അറിയാൻ കഴിഞ്ഞതെന്നും കമ്പനി പത്ര കുറിപ്പിൽ അറിയിച്ചു.
ഏതെങ്കിലും രീതിയിൽ റിയൽമി ഉപകരണങ്ങൾ പ്രവർത്തിക്കാതെയാകുകയോ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുകയോ ചെയ്യുന്ന സാഹചര്യത്തിൽ അംഗീകൃത സേവന ദാതാവിനെ ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam