
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് (KSRTC) വീണ്ടും തിരിച്ചടി. കെഎസ് ആർടിസിക്കുള്ള ഡീസലിന് (Bulk Diesel Price hike) എണ്ണ കമ്പനികൾ വില കുത്തനെ കൂട്ടി. ലിറ്ററിന് 21 രൂപ 10 പൈസയാണ് ഒറ്റ ദിവസം കൂട്ടിയത്. ബൾക്ക് പർച്ചേസ് വിഭാഗത്തിൽ പെടുത്തിയാണ് എണ്ണവില വർദ്ധിപ്പിച്ചത്. നേരത്തേ ഐ ഒ സി ലിറ്ററിന് 7 രൂപ കൂട്ടിയിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയിൽ പോകാനായിരുന്നു കോടതി ഉത്തരവ്. ഇത് നിലനിൽക്കെയാണ് വില വീണ്ടും കുത്തനെ കൂട്ടിയത്.
വിലവർധനക്കെതിരെ നാളെ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ് ആർടിസിയെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിടുന്നതാണ് ഇന്ധനവില വർധനയെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. 4 ലക്ഷം ലിറ്റർ ഡിസലാണ് കെഎസ്ആർടിസിക്ക് ഒരു ദിവസം വേണ്ടത്. നിലവിലെ സാഹചര്യത്തിൽ വില വർധനവോടെ ഒരു മാസം 21 കോടിയുടെ നഷ്ടമാണുണ്ടാകുക. ഇത് കെഎസ് ആർടിസിക്ക് താങ്ങാൻ കഴിയില്ല. പൊതു ഗതാഗതത്തെ തകർക്കുന്ന രീതിയാണ് കേന്ദ്രത്തിന്റേതെന്നും ആന്റണി രാജു പറഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 20 കോടിയായിരുന്നു കെഎസ് ആർടിസിയുടെ വരുമാനം. അത് 150 കോടി വരെയാക്കി. 200 കോടി പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ഇടിതീ പോലെ ഇന്ധനവില കൂട്ടിയത്. സ്വകാര്യ മേഖലയെ സഹായിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണുണ്ടാകുന്നത്. 2,000 കോടിയുടെ സഹായം സർക്കാർ ഇതിനകം കെ എസ് ആർ ടി സിക്ക് നൽകിയിട്ടുണ്ട്. ഇന്ധനവില ഈ രീതിയിൽ കൂടിയാൽ ഇനി എന്തു സഹായം നൽകിയാലും പിടിച്ചു നിൽക്കാനാവില്ല. സ്വകാര്യ പമ്പിൽ നിന്ന് എക്കാലവും ഇന്ധനം നിറയ്ക്കാവില്ല. ബസ് ചാർജ് വർദ്ധിപ്പിച്ചാലും പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam