കൊല്ലം: കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിന് സമീപം വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പാക് നിർമിത വെടിയുണ്ടകളാണെന്ന് സംശയം. 14 വെടിയുണ്ടകളിൽ 12 എണ്ണത്തിന്‍റെ മേൽ എഴുതിയിരിക്കുന്നത് PoF എന്നാണ്. പാകിസ്ഥാൻ ഓർഡിനൻസ് ഫാക്ടറി എന്നതിന്‍റെ ചുരുക്കെഴുത്താണിത്. വെടിയുണ്ടകൾ പരിശോധിച്ച ഫൊറൻസിക് ഉദ്യോഗസ്ഥരാണ് ഈ ചുരുക്കെഴുത്ത് കണ്ടെത്തിയത്.
ഇത്തരത്തിൽ സംശയമുയർന്നതിനെത്തുടർന്ന് വീണ്ടും സ്ഥലത്തേക്ക് എസ്‍പി അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി വീണ്ടും പരിശോധന നടത്തുകയാണ്.
ഇത്തരമൊരു ചുരുക്കെഴുത്തുള്ള വെടിയുണ്ടകൾ കണ്ടെത്തിയതിന്‍റെ ഗൗരവം കണക്കിലെടുത്ത്, അന്വേഷണം തീവ്രവാദ വിരുദ്ധ സേനയ്ക്ക് വിട്ടു. നിലവിൽ കൊട്ടാരക്കര സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലായിരുന്നു സംഭവത്തിൽ അന്വേഷണം നടക്കുന്നിരുന്നത്. അന്വേഷണസംഘം വിപുലീകരിക്കാനും തീരുമാനമായിട്ടുണ്ട്. ഡിഐജി അനൂപ് കുരുവിള ജോണിനാണ് അന്വേഷണച്ചുമതല.
7.62 എം എം വെടിയുണ്ടകളാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ചുരുക്കെഴുത്തിൽ എഴുതിയിരിക്കുന്ന വെടിയുണ്ടകൾ ഏതാണ്ട് 1980 കാലഘട്ടത്തിൽ പാകിസ്ഥാനിൽ നിർമിച്ചിരുന്നതിന് സമാനമാണെന്നാണ് സംശയം ഉയർന്നിരിക്കുന്നത്.
ഈ വെടിയുണ്ടകൾ പാകിസ്ഥാൻ നിർമിതമാണെന്ന് തെളിഞ്ഞാൽ അത് അതീവഗുരുതരമാണ്. എങ്ങനെ ഈ വെടിയുണ്ടകൾ ഇവിടെയെത്തി എന്നോ ആര് കൊണ്ടുവന്നിട്ടു എന്നോ വ്യക്തതയില്ല. നാട്ടുകാരാണ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ ശനിയാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.
രണ്ട് തരത്തിലുള്ള വെടിയുണ്ടകളാണ് പൊതിയില്‍ ഉണ്ടായിരുന്നത്. 12 എണ്ണം മെഷിൻ ഗണ്ണില്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതും രണ്ടെണ്ണം സാധാരണ വെടിയുണ്ടകളുമാണ്. മെഷിൻ ഗണ്ണിൽ ഉപയോഗിക്കുന്ന തരം വെടിയുണ്ടകൾ കണ്ടെത്തിയ സാഹചര്യത്തിൽ സംഭവം ഗൗരവമായി കണക്കാക്കി പരിശോധന നടത്തവേയാണ് ഈ എഴുത്തുകൾ പൊലീസിന്‍റെയും ഫൊറൻസിക് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ പെട്ടതും.
വിദഗ്‍ധ പരിശോധനക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ പരിശോധനയ്ക്ക് വെടിയുണ്ടകൾ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനും സാധ്യതയുണ്ട്.
Read more at: ഇന്ന് മാത്രം രണ്ടിടങ്ങളിൽ നിന്ന് വെടിയുണ്ടകൾ പിടിച്ചു, കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ
വീഡിയോ കാണാം:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam