കൊല്ലം/കണ്ണൂർ: കൊല്ലം കുളത്തൂപ്പുഴയിൽ വഴിവക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടെത്തി. കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപം വഴിയരികിലാണ് 14 വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. അതേസമയം, കണ്ണൂർ കൂട്ടുപുഴയിൽ ചെക്ക് പോസ്റ്റിൽ നിന്ന് കാറിൽ കടത്തവെ വെടിയുണ്ടകൾ പൊലീസ് പിടികൂടി. സംഭവത്തിൽ തില്ലങ്കേരി സ്വദേശി പ്രമോദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊല്ലം കുളത്തൂപ്പുഴയിൽ വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമിപത്ത് നിന്നും പതിനാല് വെടിയുണ്ടകൾ കണ്ടെടുത്തത് നാട്ടുകാരാണ്. 

രണ്ട് തരത്തിലുള്ള വെടിയുണ്ടകളാണ് പൊതിയില്‍ ഉണ്ടായിരുന്നത്. 12 എണ്ണം മെഷിൻ ഗണ്ണില്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതും രണ്ടെണ്ണം സധാരണ വെടിയുണ്ടകളുമാണ്. മെഷിൻ ഗണ്ണിൽ ഉപയോഗിക്കുന്ന തരം വെടിയുണ്ടകൾ കണ്ടെത്തിയ സാഹചര്യത്തിൽ സംഭവം ഗൗരവമായി കണക്കാക്കി പരിശോധന നടത്തുകയാണ് പൊലീസ്. 

വെടിയുണ്ടകൾ കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയിട്ടുണ്ട്. വെടിയുണ്ടകൾ കിട്ടിയ സ്ഥലത്ത് പൊലീസ് വിദഗ്‍ധ പരിശോധന നടത്തി. വെടിയുണ്ടകൾ ബോംബ് സ്ക്വാഡും, ഫൊറൻസിക് വിദഗ്‍ധരും പരിശോധിച്ച് വരികയാണ്. വിദഗ്‍ധ പരിശോധനക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ പരിശോധനയ്ക്ക് വെടിയുണ്ടകൾ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനും സാധ്യതയുണ്ട്. 

കൊട്ടാരക്കര സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലാണ് നിലവിൽ സംഭവത്തിൽ അന്വേഷണം നടക്കുന്നത്. 

കണ്ണൂർ

അതേസമയം, കണ്ണൂർ - കർണാടക അതിർത്തിയിലെ കൂട്ടുപുഴ ചെക് പോസ്റ്റിൽ കാറിൽ ഒളിപ്പിച്ചു കടത്തവേ വെടിയുണ്ടകൾ പിടികൂടി. ആറ് പാക്കറ്റുകളിലായി അറുപത് വെടിയുണ്ടകളാണ് പിടിച്ചെടുത്തത്. പതിവ് വാഹനപരിശോധനക്കിടെയാണ് കാറിന്‍റെ ഡിക്കിയിൽ നിന്ന് എക്സൈസ് സംഘം വെടിയുണ്ടകൾ പിടിച്ചെടുത്തത്.

കാറോടിച്ചിരുന്ന തില്ലങ്കേരി സ്വദേശി കെ പ്രമോദിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ഇരിട്ടി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. നാടൻ തോക്കിൽ ഉപയോഗിക്കുന്ന ഉണ്ടകളാണ് പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ വെടിയുണ്ടകളുമായി കുടകിനടുത്തുള്ള വിരാജ്പേട്ടയിൽ നിന്നും വരുന്ന വഴിയാണെന്നാണ് വിവരം.