യാത്രക്കാരില്ല, ഇന്ധന വിലയും കൂടി; സംസ്ഥാനത്ത് നിരത്തിലിറങ്ങുന്ന ബസുകളുടെ എണ്ണത്തിൽ കുറവ്

By Web TeamFirst Published Jun 13, 2020, 11:21 AM IST
Highlights

അധിക ചാർജ് ഈടാക്കാമെന്നുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെ ഇന്ന് മുതൽ മിനിമം നിരക്ക് എട്ട് രൂപയാണ്. 

കൊച്ചി: അധിക ബസ് ചാർജ് ഈടാക്കാമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് സർവ്വീസ് നടത്തിയത് പകുതിയില്‍ താഴെ സ്വകാര്യ ബസുകൾ. എട്ട് രൂപ മിനിമം നിരക്കിൽ സ‍ർവ്വീസ് നടത്തുന്നത് നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസ്സുകളിൽ പലതും സർവ്വീസ് നിർത്തിവച്ചത്.

അധിക ബസ് ചാർജ് ഈടാക്കാമെന്നുള്ള ഉത്തരവിന് സ്റ്റേ വന്നതിന് പിന്നാലെ കൊച്ചി നഗരത്തിൽ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണത്തിലും വലിയ കുറവാണുളളത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. അധിക ചാർജ് ഈടാക്കാമെന്നുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെ ഇന്ന് മുതൽ മിനിമം നിരക്ക് എട്ട് രൂപയാണ്. നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 260 തോളം ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നെങ്കിലും ഇന്ന് നാല്‍പ്പതോളം ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ബസുകളില്‍ യാത്രക്കാരും വളരെ കുറവാണ്.

ബസ് ചാർജ് വർദ്ധനയില്ല, സർക്കാർ നടപടിക്ക് കോടതിയുടെ അംഗീകാരം

ഇന്ധന വിലയിലെ വര്‍ധനവും സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും ബസ് ജീവനക്കാര്‍ വ്യക്തമാക്കുന്നു. രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും ഇന്ധനവില വര്‍ധിച്ചിരിക്കുകയാണ്. പെട്രോളിന് ഇന്ന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് 3.91 രൂപയും ഡീസലിന് 3.81 രൂപയുമാണ് വര്‍ധിച്ചത്.

സാധാരണക്കാരന് ഇരുട്ടടി, പെട്രോളിനും ഡീസലിനും തുടർച്ചയായ ഏഴാം ദിവസവും വില കൂടി

ബസ് ചാര്‍ജ് കുറച്ചത് സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാര്‍, ഹൈക്കോടതിയിൽ അപ്പീൽ നല്‍കി.

കോഴിക്കോട് ജില്ലയിലും ബസ് സര്‍വ്വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് സമാനമായ സ്ഥിതിയാണുള്ളത്. നഗരത്തിലടക്കം ബസിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണുണ്ടാകുന്നത്. യാത്രകള്‍ക്ക് കൂടുതല്‍ പേരും സ്വകാര്യ വാഹനത്തെയാണ് ആശ്രയിക്കുന്നത്. ഇതോടൊപ്പം ടിക്കറ്റ് നിരക്ക് കുറച്ചതും പ്രശ്നം ഗുരുതരമാക്കുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. 

ബസ് ചാർജ് വീണ്ടും കൂടും; നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

 

click me!