
കോട്ടയം: മറവൻതുരുത്തിലെ ഇടവട്ടത്തുള്ളവർ വലിയ സന്തോഷത്തിലാണ്. കാരണം ഏറെ നാളായുള്ള അവരുടെ ആഗ്രഹമാണ് ആ പ്രദേശത്ത് ഒരു ഒരു സാമൂഹിക ആരോഗ്യകേന്ദ്രം. സർക്കാർ പണം അനുവദിച്ചിരുന്നു. പക്ഷെ സ്ഥലം ഇല്ലാത്തതിന്റെ പേരിൽ അത് മുന്നോട്ട് പോയില്ല. അപ്പോഴാണ് ആ നാട്ടുകാരനായ വ്യവസായി മുരളീധരൻ സൗജന്യമായി 10 സെന്‍റ് സ്ഥലം നൽകാൻ തയ്യാറായത്.
ആ നല്ല മനസ്സിന് നന്ദി പറയുകയാണ് ആ പ്രദേശത്തുള്ളവർ. മറ്റുള്ളവരെ ചേർത്ത് പിടിക്കാൻ തയ്യാറായ നല്ല മാതൃകയ്ക്ക് കയ്യടിക്കുകയാണ് പ്രദേശവാസികൾ.
"നാട് കഴിഞ്ഞിട്ടല്ലേയുള്ളൂ ബാക്കിയുള്ള കാര്യങ്ങൾ. നാടിനെ കുടുംബം പോലെയാണ് സ്നേഹിക്കുന്നത്. സ്ഥലം ഇല്ലാത്തതുകൊണ്ടാണ് സാമൂഹ്യ ആരോഗ്യ കേന്ദ്രം ഇതുവരെ യാഥാർത്ഥ്യമാകാതിരുന്നത്. സഹപാഠിയായ വാർഡ് മെമ്പർ മല്ലികയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. സ്ഥലം കൊടുക്കാൻ പെട്ടെന്ന് തീരുമാനമെടുത്തതാണ്. നാട്ടുകാർക്ക് പ്രയോജനപ്പെടട്ടെ. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാകും"- മുരളീധരൻ പറഞ്ഞു.
ഇപ്പോൾ 200 രൂപ ചെലവാകും അടുത്ത പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പോകാനെന്ന് നാട്ടുകാർ പറയുന്നു. ഒരുപാട് സാധാരണക്കാർ താമസിക്കുന്ന മറവൻതുരുത്തിനെ സംബന്ധിച്ച് ഒരു ആരോഗ്യ കേന്ദ്രം അത്യന്താപേക്ഷിതമാണ്. ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കാൻ ആളുകൾ തയ്യാറാവാത്ത കാലത്ത് മുരളീധരൻ കാണിച്ചത് വലിയ മനസ്സാണെന്ന് നാട്ടുകാർ പറയുന്നു.