
തിരുവനന്തപുരം: പ്രമുഖ വ്യവസായി രാജ്‌മോഹന്‍പിള്ളയെ ബലാത്സംഗ കേസില്‍ കോടതി കുറ്റവിമുക്തമാക്കി. പ്രോസിക്യൂഷൻ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ ഒരു തെളിവും പ്രതിക്കെതിരെ ഹാജരാക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി പ്രതി കുറ്റക്കാരനാണെന്ന് ഒരു വിധത്തിലും തെളിയിക്കാനായില്ലെന്ന് വിലയിരുത്തിയാണ് കുറ്റവിമുക്തനാക്കിയത്.
2017 ഫെബ്രുവരിയിൽ നടന്നുവെന്ന് ആരോപിച്ച പീഡനത്തിന്റെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അന്ന് തന്നെ സംഭവത്തിൽ ദുരൂഹത സംശയിക്കപ്പെട്ടിരുന്നു. വ്യവസായി രാജ്‌മോഹന്‍പിള്ളയുടെ തിരുവനന്തപുരം വഴുതക്കാടുള്ള ഫ്‌ളാറ്റില്‍ വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് ഒറീസ സ്വദേശിയായ ഒരു സ്ത്രീ പരാതിപ്പെട്ടത്. രാജ്മോഹൻ പിള്ളയുടെ വീട്ടിൽ ജോലിക്കാരിയായിരുന്നു ഇവരെന്നാണ് പ്രോസിക്യൂഷൻ രേഖകൾ.
രണ്ടുമാസം ഗര്‍ഭിണിയായ സ്ത്രീയ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ബലാത്സംഗത്തിന് ഇരയായ കാര്യം ഡോക്ടറോട് പറയുന്നത്. ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്ത് കേസ് മ്യൂസിയം പൊലീസിന് കൈമാറി. സ്ത്രീ മൊഴിയില്‍ ഉറച്ചുനിന്നതോടെ രാജ്‌മോഹന്‍ പിള്ളയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
എന്നാല്‍ പൊലീസ് കസ്റ്റഡയില്‍ ചോദ്യം ചെയ്തപ്പോള്‍ രാജമോഹന്‍പിള്ള കുറ്റം നിക്ഷേധിച്ചിരുന്നു. ഒറീസ സ്വദേശികളായ മറ്റ് രണ്ടു പുരുഷമാര്‍ വീട്ടുജോലിക്കുണ്ടായിരുന്നുവെന്നും അവരുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടൊയിരുന്നുവെന്നുമാണ് അന്ന് രാജ്മോഹൻ പിള്ള വാദിച്ചത്. എന്നാൽ പിന്നീട് വിചാരണയ്ക്കിടെ രാജ്മോഹൻ പിള്ളയ്ക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.
പീഡന വിവരം ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും മൊഴിയെടുത്തപ്പോൾ ഈ യുവതി നിഷേധിക്കുകയും ചെയ്തു. രാജ്മോഹൻ പിള്ളയുടെ വീട്ടിൽ ജോലിക്കാരിയായിരുന്നത് എന്നത് ഉൾപ്പെടെയുള്ള മറ്റ് പ്രോസിക്യൂഷൻ വാദങ്ങളും യുവതി നിഷേധിച്ചു. പ്രതിക്കെതിരെ തെളിവുകളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ കേസിൽ കുറ്റവിമുക്തനാക്കുകയാണെന്ന് ജഡ്ജി എം.പി ഷിബു വിധിന്യായത്തിൽ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam