
കോഴിക്കോട്: മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ചില പ്രത്യേക രോഗങ്ങൾക്ക് മറ്റു രാജ്യങ്ങളിൽ പോയി ചികിത്സ തേടേണ്ടി വരുമെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. ജനപ്രതിനിധികൾ ഈ നാടിൻറെ ഭാഗമല്ലേ. അവർക്ക് നല്ല ചികിത്സ കിട്ടേണ്ടതല്ലേ. സാധാരണ ജനങ്ങൾക്ക് ഇത്തരം അവസരം കിട്ടുന്നില്ല എന്നതിൽ യാഥാർത്ഥ്യമുണ്ട്. ഇതൊരു മുതലാളിത്ത വ്യവസ്ഥിതി അല്ലേ, സോഷ്യലിസ്റ്റ് വ്യവസ്ഥിതി അല്ലല്ലോ എന്നും ടിപി രാമകൃഷ്ണൻ ചോദിച്ചു. കോഴിക്കോട് മാധ്യമപ്രവർത്തകരോടായിരുന്നു ടിപി രാമകൃഷ്ണൻ്റെ പ്രതികരണം.
മുഖ്യമന്ത്രിക്ക് വിധഗ്ധ ചികിൽസ ആവശ്യമുണ്ട്. അത് നിലവിൽ ലഭ്യമാകുന്നത് അമേരിക്കയിലാണ്. അതുകൊണ്ടാണ് അവിടെ പോകുന്നതെന്നും ടിപി പറഞ്ഞു. കോട്ടയത്തെ ബിന്ദുവിന്റെ മരണം ദൗർഭാഗ്യകരമാണ്. സർക്കാർ ചെയ്യാനാവുന്നതെല്ലാം ചെയ്തു. വീഴ്ച പരിശോധിക്കാൻ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാൽ അക്രമ സമരങ്ങളാണ് യുഡിഎഫ് നടത്തുന്നത്. ചില മാധ്യമങ്ങളും ഇതിന് കൂട്ടുനിൽക്കുന്നു. ആരോഗ്യമേഖല വെൻറിലേറ്ററിലാണെന്ന് എങ്ങനെ പറയാനാകും. ആരോഗ്യ മേഖലയെ സംരക്ഷിക്കാൻ ജനങ്ങൾ രംഗത്ത് ഇറങ്ങണം. പൊതുജനാരോഗ്യ സംവിധാനം തകർന്നാൽ പകരം വരുന്നത് കോർപ്പറേറ്റുകളായിരിക്കും. വീണ ജോർജിനെതിരെ സിപിഎമ്മിന്റെ ഏതെങ്കിലും അംഗം പരസ്യ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
തൻ്റെ ജീവൻ തിരിച്ചു കിട്ടിയത് സർക്കാർ ആശുപത്രിയിൽ നിന്ന് കിട്ടിയ ചികിൽസ കൊണ്ടാണെന്ന മന്ത്രി സജി ചെറിയാൻ്റെ പരാമർശത്തോടും ടിപി പ്രതികരിച്ചു. സ്വകാര്യ ആശുപത്രിയിൽ നിന്ന് മെച്ചപ്പെട്ട ചികിത്സ കിട്ടിയെന്ന സജി ചെറിയാന്റെ പ്രതികരണം ശരിയാകാമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam