23 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 22ന്; മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ

Published : Feb 20, 2024, 04:34 PM IST
23 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 22ന്; മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ

Synopsis

പത്ത് ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശവാര്‍ഡുകളില്‍ 22ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍ക്കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസ കാലയളവിന് മുന്‍പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാമെന്ന് ഷാജഹാന്‍ അറിയിച്ചു.

പത്ത് ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 88 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 33 പേര്‍ സ്ത്രീകളാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 23 വാര്‍ഡുകളിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ ആകെ 32,512  വോട്ടര്‍മാരാണുള്ളത്. 15,298 പുരുഷന്‍മാരും 17,214 സ്ത്രീകളും. വോട്ടര്‍പട്ടിക www.sec.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്. 

വോട്ടെടുപ്പിന് 41 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം പൂര്‍ത്തിയായി. ബാലറ്റ് പേപ്പറുകള്‍ അച്ചടിച്ച് വരണാധികാരികള്‍ക്ക് കൈമാറി. വോട്ടിംഗ് മെഷീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് സാധനങ്ങള്‍ ബുധനാഴ്ച  ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പ് സെക്ടറല്‍ ഓഫീസര്‍മാര്‍ അതത് പോളിംഗ് ബൂത്തുകളില്‍ എത്തിക്കും. ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തില്‍ ഹാജരായി അവ കൈപ്പറ്റണം. മോക്ക് പോള്‍ വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് നടത്തും. ക്രമസമാധാനപാലനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിതബൂത്തുകളില്‍ പ്രത്യേക പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തും. വോട്ടെണ്ണല്‍ ഫെബ്രുവരി 23ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വോട്ടെണ്ണല്‍ ഫലം www.sec.kerala.gov.in സൈറ്റിലെ TRENDല്‍ ലഭ്യമാകും. സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിക്കാണ് നല്‍കേണ്ടത്. ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകമാണ് ചെലവ് കണക്ക് സമര്‍പ്പിക്കേണ്ടത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍ ജില്ലാടിസ്ഥാനത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 64. വെള്ളാര്‍, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ 13. കുന്നനാട്, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ 06. കോവില്‍വിള, പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ  08. അടയമണ്‍
കൊല്ലം: ചടയമംഗലം ഗ്രാമപഞ്ചായത്തിലെ 10.കുരിയോട്
പത്തനംതിട്ട: നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ 09.കടമ്മനിട്ട
ആലപ്പുഴ: വെളിയനാട് ഗ്രാമപഞ്ചായത്തിലെ 08.കിടങ്ങറ ബസാര്‍ തെക്ക്
ഇടുക്കി: മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ 11.മൂലക്കട, മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ 18.നടയാര്‍
എറണാകുളം: എടവനക്കാട് ഗ്രാമപഞ്ചായത്തിലെ 11.നേതാജി, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ 14.കല്‍പ്പക നഗര്‍
തൃശ്ശൂര്‍: മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ 07.പതിയാര്‍കുളങ്ങര
പാലക്കാട്: ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പല്‍ കൗണ്‍സിലിലെ 06.മുതുകാട്, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 08.പൂക്കോട്ടുകാവ് നോര്‍ത്ത്, എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ 14. പിടാരിമേട്, തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ 16. നരിപ്പറമ്പ്

മലപ്പുറം:  കോട്ടക്കല്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ 02.ചൂണ്ട, കോട്ടക്കല്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ 14.ഈസ്റ്റ് വില്ലൂര്‍,
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ 02. കാച്ചിനിക്കാട് കിഴക്ക്
കണ്ണൂര്‍: മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ 05.മമ്മാക്കുന്ന്, രാമന്തളി ഗ്രാമപഞ്ചായത്തിലെ 09.പാലക്കോട് സെന്‍ട്രല്‍,
മട്ടന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ 29.ടൗണ്‍, മാടായി ഗ്രാമപഞ്ചായത്തിലെ 20.മുട്ടം ഇട്ടപ്പുറം.

ഈ സൂപ്പർ റോഡ് ഫെബ്രുവരി 27 ന് തുറക്കുമോ? മോദിയെ ഉറ്റുനോക്കി വടക്കൻ കേരളം!  
 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ