'നേതൃത്വം ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കും', യുവത്വം മാത്രമല്ല പരിചയസമ്പത്തും ആവശ്യമെന്ന് സി ദിവാകരൻ

By Web TeamFirst Published Jan 11, 2021, 7:45 AM IST
Highlights

സിപിഐ നേതൃത്വം ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കുമെന്ന് സൂചിപ്പിച്ച് സി ദിവാകരൻ.

തിരുവനന്തപുരം: സിപിഐ നേതൃത്വം ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കുമെന്ന് സൂചിപ്പിച്ച് സി ദിവാകരൻ. മുന്ന് തവണ മത്സരിച്ചവർ മാറണമെന്നാണ് നിലവിൽ തീരുമാനമെങ്കിലും രാഷ്ട്രീയത്തിൽ യുവത്വം മാത്രമല്ല പരിചയസമ്പത്ത് കൂടി ആവശ്യമാണെന്ന് സി ദിവാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നെടുമങ്ങാട് മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ എണ്ണിപറഞ്ഞാണ് രാഷ്ട്രീയത്തിൽ പരിചയസമ്പത്തിന്‍റെ പ്രാധാന്യം സി ദിവാകരൻ ഓർമ്മിപ്പിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഇല്ലെന്ന് കെ രാജു പ്രഖ്യാപിച്ചെങ്കിൽ അത്തരം ഒരു പരസ്യനിലപാട് സി ദിവാകരനില്ല. മൂന്ന് വട്ടം നിയമസഭയിലെത്തിയ സി ദിവാകരന് സിപിഐ നേതൃത്വം ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കുമെന്നതാണ് നിലപാട്. യുവപ്രാധിനിധ്യം ചർച്ചയാകുമ്പോൾ പുതുമുഖങ്ങളെ അദ്ദേഹവും സ്വാഗതം ചെയ്യുന്നു. എന്നാൽ, യുവത്വം മാത്രമല്ല പരിചയസമ്പത്ത് കൂടി ആവശ്യമാണെന്ന് സി ദിവാകരന്റെ പക്ഷം.

2016ൽ സിപിഐ കരുനാഗപ്പള്ളിയിൽ നിന്നും മാറ്റി പരീക്ഷിച്ച സി ദിവാകരൻ യുഡിഎഫ് സിറ്റിംഗ് സീറ്റായ നെടുമങ്ങാട് നേടിയത് മികച്ച വിജയം. മൂന്ന് വട്ടം മത്സരിച്ചവർ മാറി നിൽക്കട്ടെ എന്ന പാർട്ടി നയമാണ് ഇത്തവണ തടസം. സി ദിവാകരനെ കൂടാതെ മുല്ലക്കര രത്നാകരൻ, വിഎസ് സുനിൽകുമാർ, ബിജിമോൾ ,തിലോത്തമൻ, കെ രാജു എന്നിവരും ഇത്തവണ മൂന്ന് ടേം പൂർത്തിയാക്കുകയാണ്.

click me!