മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിച്ചിട്ടില്ല, കേരള കോണ്‍ഗ്രസ് ഒന്നിച്ച് പോകണമെന്ന് സിഎഫ് തോമസ്

By Web TeamFirst Published Jun 16, 2019, 9:07 AM IST
Highlights

ചില പ്രമുഖ വ്യക്തികൾ മധ്യസ്ഥ ശ്രമം നടത്തിയിരുന്നു. മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇപ്പോഴത്തെ നീക്കം. മധ്യസ്ഥശ്രമങ്ങൾ അവസാനിച്ചിട്ടില്ലെന്നും സിഎഫ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കോട്ടയം: തര്‍ക്കങ്ങള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്കെന്ന് സൂചന നല്‍കുമ്പോള്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് വ്യക്തമാക്കി സി എഫ് തോമസ് രംഗത്ത്. കേരളാ കോൺഗ്രസ് ഒന്നിച്ചു പോകണമെന്നാണ് ഇപ്പോഴത്തെ ചിന്ത. ഒന്നിച്ച കേരളാ കോൺഗ്രസാണ് ജനങ്ങളുടെയും ആഗ്രഹം. അതിനനുസരിച്ചുള്ള തീരുമാനമേ താൻ എടൂക്കൂവെന്ന് സി.എഫ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പാർട്ടിയിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ചില പ്രമുഖ വ്യക്തികൾ മധ്യസ്ഥ ശ്രമം നടത്തിയിരുന്നു. മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇപ്പോഴത്തെ നീക്കം. മധ്യസ്ഥശ്രമങ്ങൾ അവസാനിച്ചിട്ടുമില്ലെന്നും സിഎഫ് തോമസ് വ്യക്തമാക്കി. 

അതേസമയം ജോസ് കെ മാണി വിഭാഗം ഇന്ന് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍ ജോസ് കെ മാണി  വിളിച്ച് ചേര്‍ക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കരുതെന്നാണ് പി ജെ ജോസഫ് എംഎൽഎമാർക്കും എംപിമാർക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചെയർമാന്‍റെ ചുമതല വഹിക്കുന്ന തനിക്കാണ് സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരമെന്ന് ജോസഫ് നിര്‍ദ്ദേശത്തില്‍ പറഞ്ഞു. ക്ഷണമുണ്ടായാലും യോഗത്തിൽ പങ്കെടുക്കില്ലെന്ന് ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്ന ആവശ്യം ജോസഫ് പല തവണ തള്ളിയ സാഹചര്യത്തിലാണ് ഇന്ന് ജോസ് കെ മാണി വിഭാഗം ബദല്‍ കമ്മിറ്റി വിളിച്ച് ചേര്‍ക്കുന്നത്. ജോസ് കെ മാണിക്ക് ഭൂരിപക്ഷമുള്ള കമ്മിറ്റി അദ്ദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുക്കും. പുതിയ കമ്മിറ്റി പാര്‍ട്ടിയിലെ മറ്റ് സ്ഥാനങ്ങള്‍ ആര്‍ക്കൊക്കെയെന്ന് നിശ്ചയിക്കും. ജോസഫിന് നിയമസഭാ കക്ഷി നേതാവ് സ്ഥാനം വിട്ട് നല്‍കുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്ന് പിളര്‍പ്പിന് തൊട്ട് മുൻപും ജോസ് വിഭാഗം നേതാക്കള്‍ പറയുന്നു.

click me!