
കൊച്ചി: എൻഡോസൾഫാൻ ഇരകൾ അവരുടെ ചികിത്സക്കെടുത്ത ബാങ്ക് വായ്പ എഴുതിത്തള്ളാനാകുമോയെന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. കാസർഗോഡ് സ്വദേശി വാസുദേവനായ്ക് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം.
വാസുദേവ നായ്കിന്‍റെ മകൻ ശ്രേയസ് എൻഡോസൾഫാൻ ബാധിതനായി ചികിത്സയിലായിരിക്കെ 2017 ജൂണിലാണ് മരിച്ചത്. മകന്‍റെ ചികിത്സ ചെലവിനായാണ് 2013 ൽ പെർള സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വാസുദേവ നായ്ക് പതിനായിരം രൂപ വായ്പയെടുത്തത്. എന്നാൽ, എൻഡോസൾഫാൻ ബാധിതർക്ക് പല തരത്തിലുള്ള ഇളവുകളുണ്ടായിട്ടും വായ്പ തുക തിരിച്ചടപ്പിക്കാൻ ബാങ്ക് നടപടികൾ തുടങ്ങിയിരുന്നു.
ഈ സാഹചര്യത്തിലാണ് വാസുദേവ നായ്ക് ഹൈക്കോടതിയെ സമീപിച്ചത്. 2013 ൽ എടുത്ത വായ്പ ആയത് കൊണ്ടാണ് തിരിച്ചടപ്പിക്കാനുള്ള നടപടികൾ തുടങ്ങിയെതെന്നാണ് ബാങ്ക് കോടതിയെ അറിയിച്ചത്. എന്നാൽ, മുമ്പ് എടുത്ത വായ്പകളുടെ തുടർച്ചയാണ് പുതിയ വായ്പയെന്ന് ബാങ്ക് സർട്ടിഫൈ ചെയ്താൽ ഇതിനും എഴുതി തള്ളൽ സ്കീമിന്‍റെ ആനുകൂല്യം ലഭിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതിനാൽ ഇത്തരം ബാങ്ക് വായ്പകൾ എങ്ങനെ എഴുതി തള്ളാമെന്ന് ധനവകുപ്പ് സെക്രട്ടറി പ്രത്യേക താത്പര്യമെടുത്ത് പരിശോധിക്കണമെന്നും ഇതിന്‍റെ വിവരങ്ങൾ ഈ മാസം 24 ന് അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അതുവരെ വായ്പ തിരിച്ചു പിടിക്കാൻ ബാങ്ക് യാതൊരു വിധ നടപടികളും സ്വീകരിക്കരുതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബഞ്ചാണ് കേസ് പരിഗണിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam