നവാസിന് ഐജി മുമ്പാകെ ഹാജരാകാൻ നിർദേശം; വകുപ്പുതല അന്വേഷണം തുടരും

By Web TeamFirst Published Jun 17, 2019, 7:48 AM IST
Highlights

കൊച്ചി സെൻട്രലിൽ നിന്ന് മ‍ട്ടാഞ്ചേരി സിഐ ആയി നിയമിതനായ തന്നെ സർവീസിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിഐജി ഫിലിപ്പിന് നവാസ് കത്തു നൽകി

കൊച്ചി: മേലുദ്യോഗസ്ഥനായ കൊച്ചി സിറ്റി എ സി പിയുമായുളള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് നാടുവിട്ട സർക്കിൾ ഇൻസ്പെക്ടർ വി എസ് നവാസിനോടാണ് കൊച്ചി സിറ്റി കമ്മീഷണറായ ഐജി വിജയ് സാക്കറേയ്ക്ക് മുന്നിൽ ഹാജരാകാൻ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം നവാസ് കൊച്ചിയിൽ തിരിച്ചെത്തിയിരുന്നു.

സർവ്വീസിൽ തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് നവാസ് കത്തു നൽകിയിട്ടുണ്ട്. കൊച്ചി സെൻട്രലിൽ നിന്ന് മ‍ട്ടാഞ്ചേരി സിഐ ആയി നിയമിതനായ തന്നെ സർവീസിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിഐജി ഫിലിപ്പാനാണ് നവാസ് കത്തു നൽകിയത്. കൊച്ചി സിറ്റി കമ്മീഷണറെ കാണാനായിരുന്നു നി‍ർദേശം. 

എന്നാൽ നവാസിനെ അതിവേഗം തിരിച്ചെടുക്കണോയെന്ന കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പമുണ്ട്. സർവീസ് ചട്ടങ്ങൾ ലംഘിച്ച നവാസിനെ വേഗത്തിൽ തിരച്ചെടുക്കരുതെന്നാണ് ഒരു വിഭാഗം ഐ പി എസ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ തിരിച്ചെടുക്കാതിരുന്നാൽ പൊതുജനമധ്യത്തിൽ നാണക്കേടാകുമെന്ന ആശങ്കയുണ്ട്. ഇതിനിടെ ആരോപണവിധേയനായ എസിപിക്കെതിരെ ശക്തമായ മൊഴിയാണ് സിഐ നവാസ് നൽകിയിരിക്കുന്നത്. 

താൻ മാന്യമായാണ് മേലുദ്യോഗസ്ഥനോട് പെരുമാറിയതെന്നും എന്നാൽ തന്നെ കേൾക്കാൻ എസിപി തയാറായില്ലെന്നുമാണ് ഡിസിപി ജി പൂങ്കുഴലിക്ക് സിഐ നൽകിയ മൊഴി. ഒടുവിൽ ഇത് വാഗ്വാദവും തർക്കവുമായി മാറുകയായിരുന്നു. വയർലെസിലൂടെ നഗരത്തിലെ മുഴുവൻ പൊലീസുകാരും കേൾക്കെ എസിപി അധിക്ഷേപിച്ച് സംസാരിച്ചത് കടുത്ത മാനക്കേടായെന്നും അതുണ്ടാക്കിയ മാനസികാഘാതത്തിലാണ് നാടുവിട്ടതെന്നുമണ് നവാസിന്‍റെ മൊഴി. സംഘർഷത്താൽ കൈവിട്ടുപോകുമെന്ന് തോന്നിയ ഘട്ടത്തിൽ മനസിനെ ശാന്തമാക്കാൻ മാറി നിന്നതാണെന്നും മൊഴിയിലുണ്ട്. 

click me!