
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് ബിജെപിയിൽ ഉയർന്ന വിമർശനങ്ങളിൽ ആദ്യ പ്രതികരണവുമായി സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാർ. ബിജെപിയുടെ അടിസ്ഥാന വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. സ്ഥാനാർത്ഥി നിർണയം നടത്തിയത് കേന്ദ്ര നേതൃത്വമാണെന്നും സി കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
സ്വത്ത് വിവരം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷിലാണ് നൽകിയത്. എൻ ശിവരാജന്‍ കണ്ടുകാണില്ലെന്നും ശിവരാജന് വേണമെങ്കിൽ അത് നോക്കാമെന്നും സ്വത്തുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ സി കൃഷ്ണകുമാര്‍ മറുപടി പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരേയും പാലക്കാട് ചുമതല ഉണ്ടായിരുന്ന രഘു നാഥിനെതിരെയും സ്ഥാനാർത്ഥി കൃഷ്ണ കുമാറിനെതിരേയും വിമർശനവുമായാണ് ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ രംഗത്തെത്തിയത്. തോൽവിയിൽ നേതൃത്വത്തിന്റെ വിലയിരുത്തലുകൾ തള്ളിയാണ് ശിവരാജൻ്റെ വിമർശനം ഉണ്ടായത്.
തോൽവിയുടെ ഉത്തരവാദിത്തം സുരേന്ദ്രനാണ്. അത് കൗൺസിലർമാരുടെ തലയിൽ കെട്ടി വെക്കേണ്ട. പ്രഭാരി രഘു നാഥ് എസി മുറിയിൽ കഴിയുക ആയിരുന്നു. രഘുനാഥിനെ പ്രഭാരി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് 6 മാസം മുൻപ് ആവശ്യപ്പെട്ടിരുന്നു. പ്രഭാരിയുടെ ജോലി എസി റൂമിൽ ഉറങ്ങൽ അല്ലെന്നും ശിവരാജൻ പറഞ്ഞു. കൗൺസിലർമാർ അല്ല തോൽവിക്ക് കാരണം. വോട്ട് കുറഞ്ഞതിന്റ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം. സ്വന്തം വാർഡിൽ പോലും ജയിക്കാൻ ആകാത്ത ആൾ ആണ് രഘുനാഥ്. എന്റെ ആസ്തി പരിശോധിക്കാം. കൃഷ്ണ കുമാറിന്റെ ആസ്തി പരിശോധിക്കണം. തനിക്ക് വസ്തുക്കച്ചവടം ഇല്ലെന്നും ശിവരാജൻ പറഞ്ഞിരുന്നു.
അതേസമയം, തോൽവിയിൽ ഉയർന്ന വിമർശനങ്ങളിൽ പരസ്യ പ്രതികരണത്തിനൊരുങ്ങുകയാണ് ബിജെപി കൗൺസിലർമാർ. നഗരസഭ ചെയർമാൻ പ്രമീള ശശിധരൻ ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. തോൽവിയുടെ ഉത്തരവാദിത്വം കൗൺസിലർമാരുടെ തലയിൽ കെട്ടിവെക്കുന്നതിൽ പ്രതിഷേധം അറിയിക്കാനാണ് കൗൺസിലർമാരുടെ തീരുമാനം. സ്വന്തം ഭാര്യയുടെ വാർഡിൽ പോലും വോട്ട് കുറഞ്ഞതെങ്ങനെയെന്നാണ് കൗൺസിലർമാരുടെ ചോദ്യം.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam