
മണലൂർ: നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തിനിടയിലും മണലൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫിന്‍റെ ടി എന്‍ പ്രതാപന് തോല്‍വി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിന്‍റെ സി രവീന്ദ്രനാഥ് 126 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറി. രവീന്ദ്രനാഥ് 65337 വോട്ടുകള്‍ നേടിയപ്പോള്‍ ടി എന്‍ പ്രതാപന്‍ 65211 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ കെ കെ അനീഷ്‌കുമാര്‍ 38125 വോട്ട് നേടി.
ടി എന്‍ പ്രതാപന്‍റെ അപരന്‍ എ പ്രതാപന്‍ 184 വോട്ടുകള്‍ നേടിയപ്പോള്‍ രവീന്ദ്രനാഥിന്‍റെ അപരന്‍ കെ രവീന്ദ്രനാഥ് 234 വോട്ടുകള്‍ നേടി. നോട്ടക്ക് 676 വോട്ടുകളും ലഭിച്ചു. ഇന്ത്യൻ ഗാന്ധീയ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ശിവപ്രസാദ് ഗാന്ധി 118 വോട്ടുകളും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോ. ഉണ്ണികൃഷ്ണൻ ചിറയത്ത് 330 വോട്ടുകളും സ്വതന്ത്രരായി മത്സരിച്ച സുജിത് 70 വോട്ടും, പി വി ചന്ദ്രന്‍ 71 വോട്ടും നേടിയപ്പോള്‍ എസ്‌ഡിപിഐ സ്ഥാനാര്‍ത്ഥി ജിലീഫ് 1031 വോട്ടുകള്‍ നേടി.
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിലെ അരിമ്പൂർ, മണലൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തലപ്പിള്ളി താലൂക്കിലെ ചൂണ്ടൽ, കണ്ടാണശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളും ചാവക്കാട് താലൂക്കിലെ എളവള്ളി, മുല്ലശ്ശേരി, വാടാനപ്പള്ളി, പാവറട്ടി, ഗുരുവായൂർ നഗരസഭയിലെ പഴയ തൈക്കാട് ഗ്രാമപഞ്ചായത്ത്, വെങ്കിടങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മണലൂർ നിയമസഭാമണ്ഡലം. പത്ത് വർഷമായി ഇടതുപക്ഷം അടക്കിവാണിരുന്ന മണ്ഡലമായിരുന്നു മണലൂർ.
ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും രണ്ടായിരത്തിന്‍റെ തുടക്കത്തിലും പിഎ മാധവൻ, വിഎം സുധീരൻ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയിരുന്നു. എന്നാൽ മുരളി പെരുനെല്ലിയുടെ നേതൃത്വത്തിൽ സിപിഎം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇവിടെ ശക്തമായ സ്വാധീനം ഉറപ്പിക്കുകയായിരുന്നു.
2021-ലെ തിരഞ്ഞെടുപ്പിൽ മുരളി പെരുനെല്ലി 78,337 വോട്ടുകളായിരുന്നു നേടിയിരുന്നത്. യുഡിഎഫിന് വേണ്ടി മത്സരിച്ച കോൺഗ്രസിലെ വിജയ് ഹരി 48,461 വോട്ടുകളാണ് നേടിയത്. ബിജെപി (എൻഡിഎ) സ്ഥാനാർത്ഥിയായിരുന്ന എഎൻ രാധാകൃഷ്ണൻ 36,566 വോട്ടുകളും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam