Latest Videos

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം: കോഴിക്കോട്ട് ഇതര സംസ്ഥാന തൊഴിലാളികളെ വീട് കയറി ആക്രമിച്ചു

By Web TeamFirst Published Dec 23, 2019, 2:25 PM IST
Highlights

കോഴിക്കോട് നാദാപുരത്താണ് സംഭവം. ബിജെപി പ്രവർത്തകരാണ് ആക്രമിച്ചതെന്ന് തൊഴിലാളികൾ. വധഭീഷണി ഉണ്ടെന്നും തൊഴിലാളികൾ ഏഷ്യാനെറ്റ് ന്യൂസിനോട്. 

കോഴിക്കോട്: കോഴിക്കോട് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ഇതര സംസ്ഥാനക്കാർക്ക് നേരെ ആക്രമണം. മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെ വീട്ടിൽ കയറി ആക്രമിച്ചു. ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് നാദാപുരത്താണ് തൊഴിലാളികള്‍ക്കെതിരെ ആക്രമണം ഉണ്ടായത്. 

ഇന്നലെ വൈകുന്നേരമാണ് ഇരുന്നൂറിലേറെ ഇതര സംസ്ഥാന തൊഴിലാളികൾ നാദാപുരം കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തിയത്. രാത്രി തിരിച്ച് താമസ സ്ഥലത്തെത്തി ഭക്ഷണം കഴിക്കുമ്പോൾ മുഖം മറച്ച് എത്തിയ പത്തോളം വരുന്ന സംഘം മർദിക്കുകയായിരുന്നു. പ്രകടനത്തിന് പോയതിനെ ചോദ്യം ചെയ്ത് ബിജെപി പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.

നാട്ടിലേക്ക് തിരികെ പോകുകയാണെന്നും ഇവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇരുപതോളം ഇതര സംസ്ഥാനക്കാർ പശ്ചിമ ബംഗാളിലേക്ക് തിരികെ പോകുന്നത്. നാട്ടിലേക്ക് തിരികെ പോയില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണി ഉണ്ടെന്നും തൊഴിലാളികൾ കൂട്ടിച്ചേര്‍ത്തു. വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയതിന് കേസെടുത്ത നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി. നാദാപുരം ഭാഗത്ത് 300 ലെറെ ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. 

click me!