കാൻസറില്ലാതെ കീമോ; ഒടുവില്‍ രജനിക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു

By Web TeamFirst Published Sep 25, 2019, 12:56 PM IST
Highlights
  • രജനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപ അനുവദിച്ചു
  • നീതി തേടി രജനി തിരുവോണ നാളില്‍ സമരം നടത്തിയിരുന്നു
  •  സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിനെ അടിസ്ഥാനത്തിലാണ് രജനിയെ കീമോയ്ക്ക് വിധേയയാക്കിയത്

തിരുവനന്തപുരം: അർബുദം ഇല്ലാഞ്ഞിട്ടും കീമോ തെറാപ്പിക്ക് വിധേയയാക്കിയ ആലപ്പുഴ കുടശ്ശനാട്‌ സ്വദേശി രജനിക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ രജനി കീമോതെറാപ്പിക്ക് വിധേയയായത്.

കീമോതെറാപ്പി കാരണമുണ്ടായ ചികിത്സാ ചെലവും ശാരീരിക അവശതകളും മാനസികാഘാതവും പരിഗണിച്ചാണ് ധനസഹായം അനുവദിക്കുന്നത്. നേരത്തെ, തിരുവോണ നാളിൽ മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നില്‍ രജനി സമരം നടത്തിയിരുന്നു. ചികിത്സാ പിഴവ് വരുത്തിയ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടി എടുക്കുക , കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു രജനിയുടെ സമരം.

സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് രജനിക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കീമോ തെറാപ്പി ചെയ്ത്. ചികിത്സാപിഴവിനെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ ആരോഗ്യവകുപ്പ് ഡോക്ടർമാരുടെ വിദഗ്‌ധ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു.

മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്ന റിപ്പോർട്ട് സംഘം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. നീതി തേടി രജനിയും കുടുംബവും കഴിഞ്ഞ ജൂൺ മാസത്തിൽ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനിടെ  ചീഫ് സെക്രട്ടിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ രജനിക്കും കുടുംബത്തിനും സഹായം നൽകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പും നൽകി.

എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെയാണ് ഓണനാളില്‍ രജനി സമരം നടത്തിയത്. തുടര്‍ന്ന് 10 ദിവസത്തിനകം നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ട‌ർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം നിർത്താന്‍ തയാറായത്. 

കാൻസറില്ലാതെ കീമോ: ആർക്കെതിരെയും നടപടിയുണ്ടായില്ല, ഓണദിനത്തിൽ രജനി സമരത്തിൽ

click me!