തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാനായി ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെ നിയമിക്കാനുള്ള സർക്കാർ തീരുമാനം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ഗവർണർക്ക് പരാതി നൽകി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാനായി മുൻ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം നിയമവിരുദ്ധമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുൻ ലോകായുക്തയോ ഉപലോകായുക്തയോ വിരമിച്ച ശേഷം സർക്കാർ ആനുകൂല്യം ലഭിക്കുന്ന പദവികൾ വഹിക്കാൻ പാടില്ലെന്ന ലോകായുക്ത നിയമത്തിലെ വ്യവസ്ഥ ലംഘിച്ചാണ് ഈ നിയമനമെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടി ഗവർണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് പറഞ്ഞു. ദുരിതാശ്വാസ നിധി കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയതിലെ ഉപകാര സ്മരണയാണ് ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനുള്ള പുതിയ നിയമനമെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി ജെ പി സംസ്ഥാന അധ്യക്ഷനും വിമർശനവുമായി രംഗത്തെത്തിയത്.

സ്വർണ്ണക്കൊള്ളയിൽ സോണിയക്കും പിണറായിക്കും വിമർശനം

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും രാജീവ് ചന്ദ്രശേഖർ ചോദ്യങ്ങൾ ഉന്നയിച്ചു. സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസിനും സി പി എമ്മിനും സ്വർണ്ണക്കൊള്ളയുമായി ബന്ധമുണ്ടെന്നും ദശാബ്ദങ്ങളായി ഈ അവിശുദ്ധ കൂട്ടുകെട്ട് തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. സോണിയ ആദ്യ പ്രസിഡന്റ് ആയിരുന്ന കാലത്ത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നു. സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ചിത്രം വെറുമൊരു ഫോട്ടോയല്ലെന്നും രാഷ്ട്രീയ തണലിന്റെ തെളിവാണെന്നും ബി ജെ പി അധ്യക്ഷൻ കൂട്ടിച്ചേർത്തു. എന്തായിരുന്നു അജണ്ടയെന്ന് സോണിയ ഗാന്ധി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടിട്ടുണ്ട്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനും സോണിയ ഗാന്ധിയും ഉത്തരം പറയണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

BJP Slams Kerala Govt Over Ombudsman Appointment and Sabarimala Gold Theft Case