അഡ്വക്കറ്റ് ജനറലിനും ക്യാബിനറ്റ് പദവി: ശുപാര്‍ശ അംഗീകരിച്ച് മന്ത്രിസഭാ യോഗം

By Web TeamFirst Published Oct 23, 2019, 12:20 PM IST
Highlights

ദില്ലിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധിയും മുന്‍എംപിയുമായ എ.സമ്പത്തിന് ക്യാബിനറ്റ് റാങ്ക് പദവി നല്‍കിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചതിന് പിന്നാലെയാണ് അഡ്വക്കറ്റ് ജനറലിനും ക്യാബിനറ്റ് പദവി നല്‍കാനുള്ള തീരുമാനം പുറത്തു വരുന്നത്. 

തിരുവനന്തപുരം: അഡ്വക്കറ്റ് ജനറലിന് (എജി) ക്യാബിനറ്റ് റാങ്ക് പദവി നല്‍കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ദില്ലിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധിയും മുന്‍എംപിയുമായ എ.സമ്പത്തിന് ക്യാബിനറ്റ് റാങ്ക് പദവി നല്‍കിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചതിന് പിന്നാലെയാണ് അഡ്വക്കറ്റ് ജനറലിനും ക്യാബിനറ്റ് പദവി നല്‍കാനുള്ള തീരുമാനം പുറത്തു വരുന്നത്. 

അഡ്വക്കറ്റ് ജനറലിന്‍റേത് ഭരണഘടനാ പദവിയാണെന്നും നിയമകാര്യങ്ങളില്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും ഉപദേശിക്കുന്ന നിര്‍ണായക പദവിയെന്ന നിലയില്‍  പ്രോട്ടോകോള്‍ പാലിക്കാന്‍ ക്യാബിനറ്റ് പദവി ആവശ്യമാണെന്നാണ് നിയമവകുപ്പിന്‍റെ വിശദീകരണം. മറ്റു പല സംസ്ഥാനങ്ങളിലും അഡ്വക്കറ്റ് ജനറലിന് ക്യാബിനറ്റ് റാങ്ക് പദവിയുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

എജിക്ക് ക്യാബിനറ്റ് പദവി നല്‍കിയെങ്കിലും എന്തെങ്കിലും അധികസൗകര്യങ്ങള്‍ എജിക്ക് നല്‍കേണ്ടതില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ എജിക്ക് ഔദ്യോഗിക വാഹനവും വസതിയും ജീവനക്കാരുമുണ്ട്. സാങ്കേതികമായി പദവി നല്‍കുക മാത്രമാണ് ഇപ്പോള്‍ ചെയ്തത്. നിലവിലെ അഡ്വക്കറ്റ് ജനറല്‍ സിപി  സുധാകര്‍ പ്രസാദ് വിരമിക്കും വരെ അദ്ദേഹത്തിന് ക്യാബിനറ്റ് റാങ്ക് അനുവദിക്കാനായിരുന്നു ആദ്യം ആലോചിച്ചതെങ്കിലും ഒടുവില്‍ അഡ്വക്കറ്റ് ജനറല്‍ പദവി തന്നെ ക്യാബിനറ്റ് റാങ്കിലേക്ക് സര്‍ക്കാര്‍ ഉയര്‍ത്തുകയായിരുന്നു. എജിയുടെ ഓഫീസില്‍ നിന്നു തന്നെയാണ് ഇതു സംബന്ധിച്ച ശുപാര്‍ശ വന്നത് എന്നാണ് സൂചന.

പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ക്യാബിനറ്റ് പദവി കിട്ടുന്ന അഞ്ചാമത്തെ ആളാണ് അഡ്വക്കറ്റ് ജനറല്‍. ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനും, മുന്നോക്കവികസനകോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപ്പിള്ളയ്ക്കും, സര്‍ക്കാരിന്‍റെ ദില്ലിയിലെ പ്രതിനിധി എ.സമ്പത്തിനും, ചീഫ് വിപ്പ് കെ രാജനും നിലവില്‍ ക്യാബിനറ്റ് റാങ്ക് പദവിയുണ്ട്. 

 

 

 

click me!