'സംസ്ഥാന സര്‍ക്കാരിന്‍റെ കടമെടുപ്പ് പരിധി ഉയര്‍ത്തണം' പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

Published : Jan 04, 2023, 01:13 PM IST
'സംസ്ഥാന സര്‍ക്കാരിന്‍റെ കടമെടുപ്പ് പരിധി ഉയര്‍ത്തണം' പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

Synopsis

സംസ്ഥാന സര്‍ക്കാരിന്‍റെ കടമെടുപ്പ് പരിധി 2017 ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും.  ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതും സംസ്ഥാനം അഭിമുഖീകരിക്കുന്നതുമായ പ്രധാന പ്രശ്നങ്ങള്‍ നിവേദനമായി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

തിരുവനന്തപുരം:കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭരണഘടനാ വ്യവസ്ഥകളില്‍ നിന്നുള്ള വ്യതിയാനങ്ങളും സുപ്രധാന കേന്ദ്ര സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങള്‍ സംബന്ധിച്ചുമാണ് നിവേദനം നല്‍കുക.സംസ്ഥാന സര്‍ക്കാരിന്‍റെ കടമെടുപ്പ് പരിധി 2017 ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ഇതുള്‍പ്പെടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതും സംസ്ഥാനം അഭിമുഖീകരിക്കുന്നതുമായ പ്രധാന പ്രശ്നങ്ങള്‍ നിവേദനമായി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

സംസ്ഥാനത്തിന്‍റെ തനി കടമെടുപ്പ് പരിധി കണക്കാക്കുമ്പോള്‍ പൊതു കണക്കിനത്തില്‍ നീക്കിയിരിപ്പായി വരുന്ന തുകയെ സംസ്ഥാനത്തിന്‍റെ പൊതുകടത്തിലുള്‍പ്പെടുത്താന്‍ 2017ല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 293(3)നെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു ഇത്. അതനുസരിച്ച് സംസ്ഥാന പൊതുമേഖലാ കമ്പനികള്‍-കോര്‍പ്പറേഷനുകള്‍, പ്രത്യക ഉദ്ദേശ സ്ഥാപനങ്ങള്‍  എന്നിവ സംസ്ഥാന ബജറ്റ് വഴിയോ അവര്‍ക്കായി നിശ്ചയിച്ചു നല്‍കിയ സംസ്ഥാനത്തിന്‍റെ നികുതി/സെസ്/ ഏതെങ്കിലും തരത്തിലുള്ള സംസ്ഥാന വരുമാനം എന്നിവ വഴിയോ തിരിച്ചടയ്ക്കുന്ന വായ്പകള്‍, അനുച്ഛേദം 293(3) പ്രകാരം കടമെടുപ്പിനുള്ള സമ്മതപത്രം പുറപ്പെടുവിക്കുമ്പോള്‍ സംസ്ഥാനം എടുത്ത കടമായി കണക്കാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. 

സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഗ്യാരണ്ടികളുടെ പിന്‍ബലത്തില്‍ എടുക്കുന്ന വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നേരിട്ടുള്ള ബാധ്യതകളല്ല. അവയെ സംസ്ഥാനത്തിന്‍റെ ആകസ്മിക ബാധ്യതയായി മാത്രമേ കണക്കാക്കാനാകൂ. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള ചില പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങളായ കിഫ്ബി, കെ.എസ്.എസ്പി. എല്‍ മുതലായവ എടുക്കുന്ന എല്ലാ കടമെടുപ്പുകളും സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുകടത്തിലാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സമാന സ്ഥാപനങ്ങള്‍ എന്നിവ എടുക്കുന്ന വായ്പകള്‍ക്ക് ഇത് ബാധകമാക്കിയതും ഇല്ല. ഫെഡറല്‍ തത്വങ്ങളുടെ ലംഘനമായ ഈ നടപടി സംസ്ഥാനത്തിന്‍റെ വികസനത്തിന് തടസ്സമാണ്.
 
ഈ സാഹചര്യത്തിലാണ് പൊതുകണക്കിനത്തിലെ എല്ലാനീക്കിയിരിപ്പുകളും സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പകളും സംസ്ഥാന സര്‍ക്കാരിന്‍റെ തനി കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതില്‍ ഉള്‍പ്പെടുത്തുന്ന തീരുമാനം പുനഃപരിശോധിച്ച് 2017ന് മുമ്പ് നില നിന്നിരുന്ന സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ