
തിരുവനന്തപുരം; ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ ശേഷം സജി ചെറിയാന്‍ പങ്കെടുത്ത ആദ്യ മന്ത്രിസഭായോഗം ഇന്ന് ചേര്‍ന്നു. വിവാദത്തെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടായില്ലെന്നാണ് സൂചന. മുഖ്യമന്ത്രിയും മൗനം പാലിച്ചു. മന്ത്രിയുടെ രാജിക്കാര്യത്തില്‍ നാളെ രാഷ്ട്രീയ തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
സജി ചെറിയാന്‍റെ രാജി; സിപിഎമ്മിന്‍റെ തീരുമാനം നീളുന്നു, നാളത്തെ സമ്പൂര്‍ണ സെക്രട്ടേറിയേററ് യോഗം നിര്‍ണായകം
ഭരണഘടനക്കെതിരെ വിവാദ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും പ്രതിഷേധവും ശക്തമായി തുടരുമ്പോഴും തീരുമാനമെടുക്കാതെ സിപിഎം. ഇന്ന് ചേര്‍ന്ന അവയ്ലബിള്‍ സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനമായില്ലെന്ന് എം വി ഗോവിന്ദന്‍ സ്ഥിരീകരിച്ചു.സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷം പുറത്തുവന്ന മന്ത്രി സജി ചെറിയാന്‍ എന്തിനാണ് രാജിയെന്നാണ് ചോദിച്ചത്. എല്ലാം ഇന്നലെ പറഞ്ഞതല്ലേയെന്നും മന്ത്രി ചോദിച്ചു.സെക്രട്ടേറിയേറ്റ് യോഗ തീരുമാനം സംബന്ധിച്ച് വാര്‍ത്താകുറിപ്പ് പുറത്തിറക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും, ഇല്ലെന്ന് പിന്നീട് വ്യക്തമാക്കി.നാളെ ചേരുന്ന സമ്പൂര്‍ണ സെക്രട്ടേറിയേററ് യോഗം തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.
'ഉചിതമായ നടപടി സംസ്ഥാന നേതൃത്വം തീരുമാനിക്കും': സീതാറാം യെച്ചൂരി
ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശത്തില്‍ സജി ചെറിയാനെ പൂര്‍ണമായി പിന്തുണക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പരാമർശങ്ങളെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിൽ നിന്ന് വിവരം തേടി. ഉചിതമായി നടപടി സംസ്ഥാന നേതൃത്വം സ്വീകരിക്കുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.
സംസ്ഥാന നേതാക്കളോട് സംസാരിച്ചിരുന്നു. അവിടെ വിഷയം ചർച്ച ചെയ്യുന്നുണ്ടെന്നും യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സജി ചെറിയാൻ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. നാവ് പിഴയെന്നായിരുന്നു പിബി അംഗം ബേബി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
സജി ചെറിയാന്‍റെ വിവാദ പ്രസംഗം:ഗുരുതരസ്വഭാവമുളളതെന്ന് അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന്‍റെ വിലയിരുത്തല്‍
സജി ചെറിയാന്‍റെ കാര്യത്തിൽ കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ടാണ് സർക്കാർ അനൗദ്യോഗികമായി നിയമോപദേശം തേടിയത്. ഭരണഘടനയെ വെല്ലുവിളിച്ച മന്ത്രിയുടെ പ്രസ്താവന ഗുരുതര സ്വഭാവമുളളതെന്നുതന്നെയാണ് മുതിർന്ന സർക്കാർ അഭിഭാഷകരുടെ വിലയിരുത്തൽ. . നാക്കുപിഴയെന്ന് പറഞ്ഞുരുളാൻ പരിമിതികളുണ്ട്. തൽക്കാലത്തേക്ക് സജി ചെറിയാനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചാലും കോടതികളിൽ സർക്കാരിന് വ്യക്തമായ മറുപടി പറയേണ്ടി വരും.
പൊലീസിലെത്തിയ പരാതികളുടെ കാര്യത്തിലും അധികകാലം കണ്ണടച്ചിരിക്കാനാകില്ല. വേണമെങ്കിൽ പ്രസംഗഭാഗത്തിന്‍റെ ശാസ്ത്രീയ പരിശോധനയുടെ പേരു പറഞ്ഞാ തൽക്കാലത്തേക്ക് നീട്ടിക്കൊണ്ട് പോകാം. അല്ലെങ്കിൽ നടപടിയെടുക്കാതെ കോടതി തീരുമാനക്കട്ടെയെന്ന് പറഞ്ഞ് കാത്തിരിക്കാം. എന്തുതന്നെയായാലും തീക്കൊളളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്.
നിയമവഴിയിലും സജി ചെറിയാനെതിരെ മൂന്നു സാധ്യതകളാണുളളത്. പരാതി നൽകിയിട്ടുംകേസെടുക്കാത്തതിന് കോടതിയെ സമീപിക്കാം. കോടതി നിർദേശിച്ചാൽ എഫ് ഐ ആർ ഇടേണ്ടിവരും. ഹൈക്കോടതിയിൽ കോവാറന്‍റോ ഹർജിയാണ് മറ്റൊന്ന്. ഭരണഘടനയിലൂന്നി സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഭരണഘടനയെ തളളിപ്പറഞ്ഞതോടെ മന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യത നഷ്ടപ്പെട്ടെന്ന് നിലപാടെടുക്കണം. മുഖ്യമന്ത്രിയേയും ഗവർണറേയും എതിർകക്ഷിയാക്കിയുളള ഹർജിയാണ് മറ്റൊരു സാധ്യത. എന്നാൽ കോവാറന്‍റോ ഹർജിയിലും ഗവർണറെ എതിർകക്ഷിയാക്കിയുളള ഹർജിയിലും കോടതിയെത്രകണ്ട് ഇടപെടുമെന്ന് കണ്ടറിയണം
'ഭരണഘടനയെ അധിക്ഷേപിച്ചു', സജി ചെറിയാനെതിരെ ഗവർണർക്ക് ലോയേഴ്സ് ഫോറത്തിന്റെ പരാതി