
തിരുവനന്തപുരം: സർവകലാശാല ചട്ടങ്ങളിൽ നിർണായക ഭേദഗതിയുമായി മന്ത്രിസഭ. സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടാൽ ഏഴു ദിവസത്തിനകം യോഗം ചേരണം എന്ന നിര്‍ണായക തീരുമാനമാണ് മന്ത്രിസഭ കൈക്കൊണ്ടത്. സർവകലാശാല ചട്ടങ്ങൾ പ്രകാരം യോഗം വിളിച്ചു ചേർത്താൽ മതിയെന്നാണ് നിലവിലെ നിയമം. ഈ നിയമത്തിലാണ് ഭേദഗതി കൊണ്ടുവന്നത്. രാജ്ഭവനുമായി അടുത്ത ബന്ധം പുലർത്തുന്ന വിസിമാർ സിൻഡിക്കേറ്റ് യോഗം വിളിക്കാതിരിക്കുന്നതിനിടയിലാണ് ചട്ടഭേദഗതി വന്നിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് കാലമായി കേരളത്തിലെ സര്‍വകലാശലകൾ, പ്രത്യേകിച്ച് കേരള സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളില്‍ വിസിമാരും സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള പോര് രൂക്ഷമാണ്. ഈ പോരിന് ഒരു കാരണം ആവശ്യമുള്ള സമയങ്ങളില്‍ സിന്‍ഡിക്കേറ്റ് വിളിക്കുന്നില്ല എന്നാണ്. ഇതുവരെ സിന്‍ഡിക്കേറ്റ് വിളിക്കാനുള്ള അധികാരം പൂര്‍ണമായും വിസിക്കായിരുന്നു. രണ്ടുമാസത്തില്‍ ഒരിക്കല്‍ സിന്‍ഡിക്കേറ്റ് യോഗം വിളിച്ചാല്‍ മതി എന്നതായിരുന്നു ചട്ടം. ഇത് മാറ്റാനാണ് മന്ത്രി സഭ യോഗം അനുമതി നല്‍കിയിട്ടുള്ളത്.