സിഎജി റിപ്പോര്‍ട്ട്: ചോര്‍ച്ച സഭയോടുള്ള അവഹേളനമെന്ന് സ്പീക്കര്‍, വിട്ടുവീഴ്ചക്കില്ലാതെ പ്രതിപക്ഷം

By Web TeamFirst Published Feb 29, 2020, 12:39 PM IST
Highlights

നിയമസഭയുടെ മേശപ്പുറത്ത് വക്കും മുൻപ് വിവരം ചോര്‍ന്നതെങ്ങനെ എന്ന് അന്വേഷിക്കുമെന്ന് സ്പീക്കര്‍, പൊലീസ് അഴിമതി സഭയിൽ ആയുധമാക്കാൻ ഒരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: പൊലീസ് അഴിമതി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷവും സ്പീക്കറും. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ അഴിമതി ആയുധമാക്കി ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. അതിനുള്ള ഒരുക്കങ്ങളും അണിയറയിൽ തുടങ്ങിക്കഴിഞ്ഞു. പൊലീസിലെ അഴിമതിയെ കുറിച്ചുള്ള  സിഎജി കണ്ടെത്തൽ കൂടാതെ അഴിമതിയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് ഉത്തരം ലഭിക്കാനായി പ്രതിപക്ഷ അംഗങ്ങൾ എഴുതി നൽകിയിരിക്കുന്നത്. 

സിംസ് പദ്ധതി, പൊലീസ് വാഹനങ്ങൾ വാങ്ങിയത്, പൊലീസ് റൊബോർട്ട്, തണ്ടർ ബോൾട്ടിൻ്റെ നൈറ്റ് വിഷൻ ക്യാമറ വാങ്ങിയതിലെ ചട്ടലംഘനവും ക്രമക്കേടും തുടങ്ങി നിരവധി ചോദ്യങ്ങളാണ് സഭ തുടങ്ങുന്ന രണ്ടാം തീയതി തന്നെ പ്രതിപക്ഷം ഉന്നയിക്കുന്നത്. പൊലീസ്  അഴിമതിയിലെ സിഎജി റിപ്പോര്‍ട്ടും അതെ തുടര്‍ന്ന് ഉണ്ടായ വിവാദങ്ങളും വകവയ്ക്കാതെ മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം എന്നിരിക്കെ അഴിമതി ആരോപണത്തിൽ നിയമപരമായ നടപടി ഉറപ്പിക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

തുടര്‍ന്ന് വായിക്കാം: 
 

മാര്‍ച്ച് രണ്ട് മുതൽ ഏപ്രിൽ എട്ട് വരെയാണ് നിയമസഭാ സമ്മേളനം തീരുമാനിച്ചിട്ടുള്ളത്. സിഎജി റിപ്പോര്‍ട്ട് നിയമസഭയിൽ വക്കും മുൻപ് വിവരങ്ങൾ ചോര്‍ന്നതെങ്ങനെ എന്ന കാര്യത്തിൽ ഊന്നി അതിനനുസരിച്ചുള്ള നിലപാടുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നീക്കം. റിപ്പോര്‍ട്ടിലെ വിവരങ്ങൾ ചോര്‍ന്നത് നിയമസഭയോടുള്ള അവഹേളനമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. സിഎജി റിപ്പോര്‍ട്ടിലെ വിവരങ്ങൾ സഭയിലെത്തും മുൻപ് ചോര്‍ന്നതെങ്ങനെ എന്ന് അന്വേഷിക്കാൻ സ്പീക്കര്‍ക്ക് അവകാശം ഉണ്ടെന്നാണ് പി ശ്രീരാമകൃഷ്ണൻ പ്രതിപക്ഷത്തിന് നൽകുന്ന മറുപടി. 

click me!