സിഎജി റിപ്പോര്‍ട്ട് ഗൗരവമുള്ളതെന്ന് പിണറായി: "വെടിയുണ്ട കാണാതായത് യുഡിഎഫ് കാലത്ത്"

By Web TeamFirst Published Mar 2, 2020, 9:30 AM IST
Highlights
  • തോക്കുകൾ കാണാതായിട്ടില്ലെന്ന് മുഖ്യമന്ത്രി 
  • തിര കണ്ടെത്താൻ അന്വേഷണം നടക്കുന്നു
  • സിഎജി റിപ്പോര്‍ട്ട് ഗൗരവമുള്ളതെന്ന് പിണറായി 
  • നിയമസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം 

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്‍റെ കൈവശമുള്ള തോക്കുകളും തിരകളും കാണാതായെന്ന സിഎജി കണ്ടെത്തൽ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഗ്രമായ പരിശോധന നടത്തി. തോക്കുകൾ കാണാതായെന്ന കണ്ടെത്തൽ വസ്തുതാ വിരുദ്ധമാണ് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. തിരകൾ കാണാതായ സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയാണ്. കണ്ടെത്തൽ ഗൗരവമെന്ന് കണ്ട് തന്നെയാണ് അന്വേഷണത്തിന് തയ്യാറായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. 

സിഎജി റിപ്പോര്‍ട്ട് നിയമസഭയിൽ വരും മുമ്പ് വിവരങ്ങൾ ചോര്‍ന്നത് നല്ല പ്രവണതയല്ലെന്നും പിണറായി വിജയൻ പ്രതികരിച്ചു. സിഎജി റിപ്പോര്‍ട്ട് വിവാദമായ ശേഷം ഇതാദ്യമായാണ് മുഖ്യന്ത്രിയുടെ വിശദീകരണം വിശദമായി വരുന്നത്. പൊലീസ് അഴിമതി സംബന്ധിച്ച സിഎജി കണ്ടെത്തൽ ആയുധമാക്കി കടുത്ത പ്രതിഷേധവുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. പ്ലക്കാഡും ബാനറുമായി തുടക്കം മുതലെ പ്രതിപക്ഷ നിര പ്രതിഷേധമുയര്‍ത്തി. 2015 ൽ തന്നെ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ആ ബോര്‍ഡിന്‍റെ അലംഭാവമാണ് സിഎജി ചൂണ്ടിക്കാട്ടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. 

പ്രശ്നം ഗൗരവമുള്ളതായി തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്. വ്യാജ വെടിയുണ്ടയുടെ പുറംചട്ട വെച്ചത് യു ഡി എഫ് സർക്കാരിന്‍റെ കാലത്ത് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തിട്ടുണ്ട്. മന്ത്രിയുടെ ഗൺമാനെതിരെ അന്വേഷണം നടക്കുന്നുണ്ട്. 

2015 ൽ മൂന്നു പേരടങ്ങുന്ന ബോർഡ് അന്വേഷിച്ചു. തിരകളുടെ എണ്ണത്തിൽ അന്ന് കുറവില്ലെന്നാണ് കണ്ടെത്തിയത്.സി എ ജി കണ്ടെത്തലിനു മുൻപേ തിരകളുടെ എണ്ണത്തിൽ കുറവ് കണ്ടെത്തി. അന്ന് സീൽ ചെയ്ത പെട്ടികൾ തുറക്കാതെ കുറവില്ല എന്ന് റിപ്പോർട്ട് നൽകി. അന്ന് അത് മൂടി വയ്ക്കാൻ ശ്രമം നടന്നു. 2016ലാണ് പിന്നീട് അന്വേഷണം നടത്തിയത് ഗൗരവത്തോടെ സർക്കാർ കാണുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകൾ അന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്തണമെന്ന പ്രതിപക്ഷ നേതാവിന്‍റെ ആവശ്യത്തിൽ അന്വേഷണത്തിന് നമ്മുടേതായ സംവിധാനങ്ങൾ ഉണ്ടെന്നും ആ അന്വേഷണം നടക്കട്ടെ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

തുടര്‍ന്ന് വായിക്കാം: എസ്എപി ക്യാമ്പിലേക്ക് നല്‍കിയ വെടിയുണ്ടകള്‍ ഹാജരാക്കണം: നിര്‍ദ്ദേശം നല്‍കി ക്രൈംബ്രാഞ്ച്, പരിശോധന...

 

click me!