
വയനാട്: വത്തിക്കാന്‍ രണ്ടാമതും അപ്പീല്‍ തള്ളിയതോടെ സിസ്റ്റർ ലൂസികളപ്പുരയെ മഠത്തില്‍നിന്നും പുറത്താക്കാന്‍ സമ്മർദം ശക്തമാക്കാനൊരുങ്ങി എഫ്‍സിസി സഭ. സിസ്റ്ററോട് മഠം വിട്ടുപോകാന്‍ ഉടനെ രേഖാമൂലം അറിയിക്കും. ഫ്രാന്‍സിസ് മാർപ്പാപ്പയും അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ കാനോന്‍ നിയമമനുസരിച്ച് സിസ്റ്റർ ലൂസി കളപ്പുര ഔദ്യോഗികമായി എഫ്‍സിസി സന്യാസിനി സമൂഹത്തില്‍നിന്നും പുറത്തായെന്നാണ് മഠം അധികൃതർ പറയുന്നത്. ഈ സാഹചര്യത്തില്‍ സിസ്റ്ററോട് മഠം വിട്ടുപോകാന്‍ ശക്തമായി ആവശ്യപ്പെട്ടുകൊണ്ട് എഫ്‍സിസി സഭ സുപ്പീരിയർ ജനറല്‍ രേഖാമൂലം കത്തുനല്‍കും.
നേരത്തെ മകളെ മഠത്തില്‍നിന്നും ഉടന്‍ വിളിച്ചുകൊണ്ടുപോകണം എന്നാവശ്യപ്പെട്ടുകൊണ്ട് സിസ്റ്ററുടെ അമ്മയ്ക്ക് മഠം അധികൃതർ കത്ത് നല്‍കിയിരുന്നു. ഇത്തരം നടപടികള്‍ ആവർത്തിച്ചേക്കും. എന്നാല്‍ മഠത്തില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ നല്‍കിയ ഹർജിയില്‍ മാനന്തവാടി മുന്‍സിഫ് കോടതി എന്തു തീരുമാനമെടുക്കുമെന്നത് നിർണായകമാണ്. സിസ്റ്റർ മഠം അധികൃതർക്കെതിരെ നല്‍കിയ പരാതികളിലെല്ലാം പൊലീസ് അന്വേഷണം അവസാനിപ്പിച്ചുകഴിഞ്ഞു. ഇക്കാര്യവും വത്തിക്കാനില്‍ നിന്നുണ്ടായ നടപടിയുമടക്കം കോടതിയില്‍ ഉന്നയിച്ച് അനുകൂല ഉത്തരവ് നേടിയെടുക്കാമെന്നാണ് മഠം അധികൃതരുടെ പ്രതീക്ഷ.
അതേസമയം മാനന്തവാടി രൂപതയും സിസ്റ്റർ ലൂസിക്കെതിരെ നീക്കങ്ങള്‍ ശക്തമാക്കുകയാണ്. സിസ്റ്റർക്ക് എഫ്സിസി സഭാംഗമായതുകൊണ്ട് മാത്രം ലഭിക്കുന്ന സർക്കാർ ആനൂകൂല്യങ്ങള്‍ സഭയില്‍ നിന്നും പുറത്തായ സാഹചര്യത്തില്‍ റദ്ദാക്കാന്‍ ബന്ധപ്പെട്ട വകുപ്പധികൃതരോട് ആവശ്യപ്പെടാനും രൂപതാ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സഭയുടെ നീതിനിഷേധത്തിനെ നിയമപരമായി നേരിടാനാണ് സിസ്റ്റർ ലൂസി കളപ്പുരയുടെ തീരുമാനം. സഭാ അധികൃതർക്ക് ഇനി അപ്പീല്‍ നല്‍കാനില്ലെന്നും സിസ്റ്റർ പ്രതികരിച്ചു. സഭാ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിസ്റ്റർ മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹർജിയില്‍ കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam