
തിരുവനന്തപുരം:സിഎജി സർക്കാരിന് നൽകിയത് സമ്പൂർണ്ണ റിപ്പോർട്ടെന്ന് സിഎജിയുടെ വാർത്താക്കുറിപ്പ്. നവംബർ 11ന് സിഎജി പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ റിപ്പോർട്ട് ആറാം തിയതി നൽകിയെന്ന് വ്യക്തമാക്കുന്നുണ്ട്. നിയമസഭയിൽ സമർപ്പിക്കാനുള്ള റിപ്പോർട്ടാണെന്നും കുറുപ്പിൽ വിശദീകരിക്കുന്നുണ്ട്. ഇതോടെ കരട് റിപ്പോർട്ടാണ് സിഎജി നൽകിയതെന്ന ധനമന്ത്രിയുടെ വാദം പൂർണ്ണമായും പൊളിയുകയാണ്.
നവംബർ 14 ശനിയാഴ്‍ചയാണ് സിഎജി റിപ്പോർട്ടിനെതിരെ കടുത്ത വിമർശനവുമായി ധനമന്ത്രി വാർത്താസമ്മേളനം നടത്തിയത്. സിഎജി രാഷ്ട്രീയം കളിക്കുന്നുവെന്നാരോപിച്ചായിരുന്നു ധനമന്ത്രിയുടെ വിമർശനം. കരട് റിപ്പോർട്ടല്ല ഇത് സമ്പൂർണ്ണ റിപ്പോർട്ടാണെന്ന് ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറിൽ രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യ അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യം ധനമന്ത്രി ആവർത്തിച്ച് നിഷേധിച്ചു.
രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് നിയമസഭയിൽ വെക്കുന്നതിന് മുൻപ് സിഎജി റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ വാർത്താസമ്മേളനം വിളിച്ച് ധനമന്ത്രി തന്നെ വിമർശിക്കുന്നത്. ഇത് ചട്ട ലംഘനമാണെന്നാണ് പ്രതിപക്ഷആരോപണം. എന്നാൽ കരട് റിപ്പോർട്ടാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ധനമന്ത്രി. ഇക്കാര്യത്തിൽ നാളെ വിശദമായി പ്രതികരിക്കുമെന്നും ഡോ തോമസ് ഐസക്ക് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam