കേരളത്തിൻ്റെ കൊവിഡ് പ്രതിരോധത്തെ പ്രകീർത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

By Web TeamFirst Published Nov 16, 2020, 8:00 PM IST
Highlights


കൊവിഡ് പ്രതിരോധത്തിൽ കേരള മാതൃകയെ പ്രകീർത്തിച്ചു കൊണ്ടുള്ള ലേഖനമാണ് ആർബിഐയുടെ വാർഷിക മാഗസിനിൽ വന്നിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ച് വളരെ വിശദമായി ലേഖനത്തിൽ പറയുന്നുണ്ട്.

തിരുവനന്തപുരം: കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ . തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മികച്ച പ്രതിരോധ സംവിധാനമാണ് കേരളമൊരുക്കിയതെന്ന് ആര്‍ബിഐ വാര്‍ഷിക പ്രസിദ്ധീകരണത്തിൽ വന്ന പ്രത്യേക ലേഖനത്തിൽ പറയുന്നു. 

കൊവിഡ് പ്രതിരോധത്തിൽ കേരള മാതൃകയെ പ്രകീർത്തിച്ചു കൊണ്ടുള്ള ലേഖനമാണ് ആർബിഐയുടെ വാർഷിക മാഗസിനിൽ വന്നിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ച് വളരെ വിശദമായി ലേഖനത്തിൽ പറയുന്നുണ്ട്. രാജ്യത്തെ ആദ്യ കൊവിഡ് കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങൾ മാതൃകയാണെന്ന് ലേഖനം പറയുന്നു. 

ഹോട്ട് സ്പോട്ടായി മാറുമായിരുന്ന സംസ്ഥാനത്തെ അതീവ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനത്താൽ നിയന്ത്രിച്ചു. കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രവര്‍ത്തനങ്ങൾ കൊണ്ട്  മരണ നിരക്ക് 0.3ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനായത് നേട്ടമാണ്. രോഗികളെ കണ്ടെത്താനും ചികില്‍സിക്കാനും ഫസ്റ്റ് ലൈൻ ചികിൽസ കേന്ദ്രങ്ങൾ, സന്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തി പരിശോധിച്ച് നിരീക്ഷണത്തിലേക്ക് മാറ്റി. മികച്ച ബോധവല്‍കരണം നടത്തി. ഇതിനെല്ലാം സര്‍ക്കാരിനൊപ്പം നിന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ്.

ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണമെത്തിക്കുന്നതിലടക്കം മികച്ച പ്രവര്‍ത്തനം തദ്ദേശ സ്ഥാപനങ്ങൾ നടത്തി. ഒത്തൊരുമയുടെ വിജയമാണ് പ്രതിരോധത്തിന്‍റെ തിളക്കമെന്നും ലേഖനം പറയുന്നു. കുടുംബശ്രീ പ്രവര്‍ത്തകരുടേയും അങ്കണവാടി ജീവനക്കാരുടേയും ഇടപടലും ലേഖനത്തിൽ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട് . 

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക പ്രസിദ്ധീകരണമായ സ്റ്റേറ്റ് ഫിനാൻസ് , എ സ്റ്റഡി ഓഫ് ബജറ്റ്സ് ഓഫ് 2020-21 ൽ കൊവിഡ് 19 ദി കേരള മോഡൽ ഓഫ് കണ്ടെൻമെന്‍റ് -ദി റോൾ ഓഫ് ലോക്കൽ സെല്‍ഫ് ഗവണ്‍മെന്‍റ് എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

click me!