
കോഴിക്കോട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന റാഷിദ് സിപിയുടെ പ്രവചനം അച്ചട്ടാകുന്നു. യുഡിഎഫ് തരംഗം പ്രവചിച്ച റാഷിദിന്റെ പ്രവചനങ്ങളും വിലയിരുത്തലും 100 ശതമാനത്തോളം കൃത്യത അവകാശപ്പെടാനാകുന്നതാണ് എന്നാണ് പുറത്തുവരുന്ന ഫലം സൂചിപ്പിക്കുന്നത്. മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ ഇദ്ദേഹം യുഡിഎഫ് 91 മുതൽ 102 സീറ്റ് വരെ നേടുമെന്ന് പ്രവചിച്ചിരുന്നു. നിലവിലെ കണക്കുകൾ പ്രകാരം 102 സീറ്റാണ് യുഡിഎഫിന് ലഭിച്ചത്. ഒന്നോ രണ്ടോ സീറ്റുകൾ മാറ്റം വന്നാലും പ്രവചന അതീവ കൃത്യതയുള്ളതാകും. എൽഡിഎഫ് 38 മുതൽ 48 സീറ്റിലേക്ക് ഒതുങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവിൽ 35 സീറ്റാണ് എൽഡിഎഫിനുള്ളത്. എൻഡിഎ ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ നേടുമെന്നും പ്രവചിച്ചിടത്ത് മൂന്ന് സീറ്റുകളിൽ എൻഡിഎ വിജയം കണ്ടെത്തിക്കഴിഞ്ഞു.
2001-നു ശേഷം, ഇടതുപക്ഷത്തേക്ക് അടുത്ത ന്യൂനപക്ഷ വോട്ടിന്റെ പരിപ്പൂർണ്ണമായ റിവേഴ്‌സ് സ്വീപ് ഇത്തവണ നടന്നതായി അദ്ദേഹം പ്രവചിച്ചിരുന്നു. സ്വജനപക്ഷ പാതം കൂടുതൽ പ്രകടമായി. അത്, ഇടത് അടിസ്ഥാന - അനുഭാവ വോട്ടർമാരെ ഒരേ പോലെ നിരാശപ്പെടുത്തിയെന്ന വിലയിരുത്തലും ശ്രദ്ധേയമായി. സിപിഎം വിട്ട് പുറത്തുവന്ന ഇടതുകോട്ടകൾ തകര്‍ത്തെറിഞ്ഞാണ് പയ്യന്നൂരും അമ്പലപ്പുഴയും തളിപ്പറമ്പും അടക്കമുള്ള മണ്ഡലങ്ങളിൽ യുഡിഎഫ് വിജയം കണ്ടെത്തിയത്. രാഷ്ട്രീയ നിലപാടിലെ തുടർച്ചയായ അസ്ഥിരത ഇടത് രാഷ്ട്രീയ ബോധ്യമുള്ള മനുഷ്യരെ ആകെ നിരാശപ്പെടുത്തിയെന്ന റാഷിദിന്റെ വിലയിരുത്തൽ ഇതുവഴി കൃത്യമാകുന്നു.
മുഖ്യമന്ത്രിയുടെ വ്യക്തിഗത ഗ്രാഫിൽ സമാനതകൾ ഇല്ലാത്ത കുറവ് സംഭവിച്ചുവെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. ആറ് റൗണ്ട് വരെ യുഡിഎഫിന്റെ യുവ സ്ഥാനാര്‍ത്ഥിയോട് പിന്നിട്ട് നിന്ന ശേഷമായിരുന്നു പിണറായി ലീഡിലേക്ക് തിരിച്ചെത്തിയത്. നേരത്തെ ഉണ്ടായിരുന്ന ഭൂരിപക്ഷത്തിൽ പോലും പാര്‍ട്ടിയുടെ ഹൃദയഭൂമിയിൽ പിണറായിക്ക് എത്താൻ സാധിക്കാത്ത നിലയിലേക്ക് പിണറായി വിജയൻ എത്തിയെന്നതും റാഷിദിന്റെ പ്രവനത്തിന് മാറ്റ് കൂട്ടുന്ന യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും സംസ്ഥാനത്തെ രാഷ്ട്രീയ ട്രെൻഡ് കൃത്യമായി പ്രവചിച്ചയാളാണ് റാഷിദ്. പുറത്തുവന്ന ഒരു സർവ്വേയിലും തനിക്ക് വിശ്വാസമില്ലെന്നും പോളിങ് കഴിഞ്ഞാൽ, നമ്പറുകൾ പുറത്തു വിടുമെന്നും പ്രഖ്യാപിച്ച ശേഷമായിരുന്നു വോട്ടെടുപ്പിന് ശേഷമുള്ള റാഷിദിന്റെ പ്രവചനം. മുൻപ് താൻ നടത്തിയ മഹാഭൂരിപക്ഷം സർവേ ഫലങ്ങളും ശരിയായത് പോലെ ഇതും ശരിയാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് അക്ഷരാര്‍ത്ഥത്തിൽ ശരിവയ്ക്കുന്നതാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം.
പ്രവചനത്തിന്റെ പേരിൽ കടുത്ത സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നിട്ടുണ്ട് റാഷിദിന്. ഇടത് ഹാൻഡിലുകളിൽ നിന്ന് കടുത്ത വിമര്‍ശനങ്ങൾ വന്നപ്പോഴും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ട് കാണാമെന്നായിരുന്നു റാഷിദിന്റെ മറുപടി. ഈ വിമര്‍ശനങ്ങൾക്കെല്ലാം ഒരു ഉല്ലാസ യാത്രയുടെ ചിത്രങ്ങളായിരുന്നു റാഷിദിന്റെ മറുപടി. ഒടുവിൽ കൃത്യതയിൽ ഒരിക്കൽ കൂടി ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് റാഷിദ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam