തിരക്കഥ തിരികെ വേണം; ശ്രീകുമാർ മേനോനെതിരെ എംടി നൽകിയ പരാതിയിൽ ഇന്ന് വാദം കേൾക്കും

By Web TeamFirst Published Mar 2, 2019, 7:36 AM IST
Highlights

കേസിൽ മധ്യസ്ഥനെ വേണമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും എം ടി തയ്യാറായില്ല

കോഴിക്കോട്: രണ്ടാമൂഴം സിനിമയുടെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി വാസുദേവൻ നായർ നല്‍കിയ ഹര്‍ജിയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയിൽ ഇന്ന് വാദം തുടങ്ങും. കേസിൽ മധ്യസ്ഥനെ വേണമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും എം ടി തയ്യാറായില്ല. തിരക്കഥ ഉപയോഗിച്ചു ചിത്രീകരണം തുടങ്ങുന്നതിൽ നിന്ന് സംവിധായകനെയും നിർമാണ കമ്പനിയെയും കോടതി വിലക്കിയിരുന്നു.

രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ ആര്‍ബിട്രേറ്ററെ നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍റെ ആവശ്യപ്പെട്ടിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥ നല്‍കിയതല്ലാതെ ഒരു കാര്യവും മുന്നോട്ട് പോയിട്ടില്ലെന്നും അതിനാല്‍ ആര്‍ബിട്രേറ്ററുടെ ആവശ്യമില്ലെന്നും എം ടി വാസുദേവന്‍ നായരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും കേസ് വേഗം തീരാന്‍ ആര്‍ബിട്രേറ്ററെ നിയോഗിക്കണമെന്നായിരുന്നു ശ്രീകുമാര്‍ മേനോന്‍റെ ആവശ്യം. 

മൂന്ന് വര്‍ഷത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു സംവിധായകനും നിര്‍മ്മാണ കമ്പനിയും തമ്മിലുണ്ടായിരുന്ന കരാര്‍. കരാറില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം ചിത്രീകരണം തുടങ്ങാത്തതിനാലാണ് തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്. തര്‍ക്കമുണ്ടാവുന്ന പക്ഷം ആര്‍ബിട്രേറ്റര്‍ക്ക് വിടാമെന്ന് കരാറില്‍ ഉണ്ടെന്ന വാദമാണ് ശ്രീകുമാര്‍ മേനോന്‍റെ അഭിഭാഷകന്‍ നേരത്തേ ഉന്നയിച്ചത്. എന്നാല്‍, കരാര്‍ പൂര്‍ണമായും ലംഘിക്കപ്പെടുകയും അണിയറ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ തുടങ്ങാതിരിക്കുകയും ചെയ്‍ത സാഹചര്യത്തില്‍ ആര്‍ബിട്രേറ്റര്‍ക്ക് പ്രസക്തിയില്ലെന്നാണ് എംടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നത്.

click me!