കോഴിക്കോട്ട് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു; കെഎസ്ഇബി അനാസ്ഥയെന്ന് ബന്ധുക്കൾ

By Web TeamFirst Published May 25, 2021, 7:16 PM IST
Highlights

ലൈൻ പൊട്ടി വീണ വിവരം അയൽവീട്ടുകാർ അറിയിച്ചിട്ടും കെഎസ്ഇബി അധികൃതർ എത്തി പ്രശ്നം പരിഹരിക്കാത്തതാണ് പത്മാവതിക്ക് ഷോക്കേൽക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

കോഴിക്കോട്: പുതിയറയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍  നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു. പടന്നയിൽ പത്മാവതിയാണ് മരിച്ചത്. വൈദ്യുതി കമ്പി പൊട്ടി വീണത് കെഎസ്ഇബിയെ അറിയിച്ചിട്ടും മാറ്റാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

വീടിന് സമീപത്തെ പറമ്പിലെ വെള്ളക്കെട്ടിലേക്ക് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് പത്മാവതി മരിച്ചത്. പത്മാവതി വളർത്തുന്ന എരുമയ്ക്ക് വെള്ളം നൽകാൻ പോകുന്നതിനിടെയാണ് അപകടം . ഏറെ നേരം കഴിഞ്ഞിട്ടും പത്മാവതി തിരിച്ച് വരാത്തതിനെ തുടർന്ന് അന്വേഷിച്ച് ചെന്നപ്പോളാണ് മരിച്ച് കിടക്കുന്നത് കണ്ടത്.

തുടർന്ന് കെഎസ്ഇബിയിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് മൃതദേഹം പുറത്തെടുത്തു. ലൈൻ പൊട്ടി വീണ വിവരം അയൽവീട്ടുകാർ അറിയിച്ചിട്ടും കെഎസ്ഇബി അധികൃതർ എത്തി പ്രശ്നം പരിഹരിക്കാത്തതാണ് പത്മാവതിക്ക് ഷോക്കേൽക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

 എന്നാൽ ലൈൻ പൊട്ടിവീണ വിവരം ആരും അറിയിച്ചിട്ടില്ലെന്നും പ്രദേശത്ത് വൈദ്യുതി ഇല്ലെന്നുള്ള വിവരം മാത്രമാണ് ലഭിച്ചതെന്നും കെഎസ്ഇബി അധികൃതർ വിശദീകരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!