Calicut University : പരീക്ഷ ജോലികൾക്ക് താൽക്കാലിക ജീവനക്കാർ; കാലിക്കറ്റ് സർവകലാശാല നീക്കം കോടതി സ്റ്റേ ചെയ്തു

By Web TeamFirst Published Jan 13, 2022, 2:44 PM IST
Highlights

യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് ചുറ്റുമുള്ള മൂന്ന് പഞ്ചായത്തുകളിൽ താമസക്കാരായ 36 വയസിന് താഴെ പ്രായമുള്ള ബിരുദധാരികളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്. ഇതിനെതിരെയായിരുന്നു പരാതി. 

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിൽ പരീക്ഷ രഹസ്യജോലികൾക്കായി അസിസ്റ്റന്റുമാരെ പ്രാദേശികാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കാനുള്ള നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പരീക്ഷകളുടെ  ഉത്തരക്കടലാസ് ഫാൾസ് നമ്പറിങ്, ചോദ്യക്കടലാസ് പാക്കിംഗ് തുടങ്ങിയ സുപ്രധാന ജോലികൾക്കായി നൂറ് പേരെ അസിസ്റ്റൻ്റുമാരായി നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു. 

യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് ചുറ്റുമുള്ള മൂന്ന് പഞ്ചായത്തുകളിൽ താമസക്കാരായ 36 വയസിന് താഴെ പ്രായമുള്ള ബിരുദധാരികളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്. ഇതിനെതിരെ മുന്നിയൂർ സ്വദേശി മുഹമ്മദ് നൗഫൽ നൽകിയ ഹർജ്ജിയിലാണ് മേൽ നടപടികൾ തടഞ്ഞുകൊണ്ട് ജസ്റ്റിസ് രാജാ വിജയ രാഘവന്‍റെ ഉത്തരവ്. നിയമനം തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണർക്ക് പരാതി നൽകിയിരുന്നു.

2019ലാണ് സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിലെ രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ തുടങ്ങിയ ഉന്നത തസ്തികകളിൽ സ്ഥിരം ഉദ്യോഗസ്ഥരെ ഒഴിവാക്കി കരാർ നിയമനങ്ങൾ നടത്താൻ തീരുമാനമായത്. പിന്നാലെ കാലിക്കറ്റ് സർവ്വകലാശാല പരീക്ഷ ഭവനിലും താൽക്കാലിക ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനമായി. രഹസ്യ സ്വഭാവമുള്ള ഉത്തരക്കടലാസ് ഫാൾസ് നമ്പറിംഗ് ചോദ്യക്കടലാസ് പാക്കിംഗ് എന്നിവയായിരിക്കും ഇവരുടെ ചുമതല. അസിസ്റ്റന്റുമാരെയും കരാർ രീതിയിൽ നിയമിക്കുന്നതോടെ ഈ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് എന്ത് ക്രമക്കേടും അധികൃതർക്ക് ചെയ്യാനാകുമെന്നാണ് ആരോപണം. 

യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് ചുറ്റുമുള്ള മൂന്ന് പഞ്ചായത്തുകളിലെ 36 വയസ്സിനുതാഴെ പ്രായമുള്ള ബിരുദധാരികളിൽ നിന്നുമാണ് നിയമനങ്ങൾ നടത്തുകയെന്നായിരുന്നു വിജ്ഞാപനം. താൽക്കാലികമായാണ് നിയമിക്കുന്നതെങ്കിലും ഇവർക്ക് കാലാവധി നീട്ടിക്കൊടുക്കാനാണ് ധാരണ. അനധ്യാപക തസ്തികകളിലേയ്ക്കുള്ള സ്ഥിരം നിയമനങ്ങൾ PSC മുഖേന മാത്രമേ നടത്താനാവൂ എന്നതുകൊണ്ടാണ് കരാർ അടിസ്ഥാനത്തിലുള്ള നിയമനങ്ങൾ നടത്തുന്നതെന്നും ആക്ഷേപമുണ്ട്. താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നടത്താൻ പാടുള്ളുവെന്ന സർക്കാർ ഉത്തരവ് അവഗണിച്ചാണ് വേണ്ടപ്പെട്ടവർക്ക്  നിയമനം നൽകുന്നതെന്നാണ് മറ്റൊരു ആരോപണം.
രജിസ്ട്രാർ, പരീക്ഷ കണ്‍ട്രോളർ, ഫിനാൻസ് ഓഫീസർ തുടങ്ങിയ പ്രധാന തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നതിനാൽ സർവ്വകലാശാലകളിൽ പല പ്രവർത്തനങ്ങളിലും മെല്ലെപ്പോക്ക് നടക്കുകയാണെന്നും പരാതിയുണ്ട്. 

click me!