കോവളം തീരത്തെ ആംബർഗ്രീസ്; കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് അധികൃതർ

Web Desk   | Asianet News
Published : Jan 13, 2022, 02:32 PM IST
കോവളം തീരത്തെ ആംബർഗ്രീസ്; കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് അധികൃതർ

Synopsis

ചൊവ്വാഴ്ച സന്ധ്യയോടെയാണ് വെള്ളനിറത്തിലുള്ളതും 60 കിലോയോളം ഭാരം വരുന്നതുമായ വസ്തു കോവളം ഹൗവ്വാ ബീച്ചിലെ അമ്പലത്തുമൂല ഭാഗത്ത് അടിഞ്ഞത്. ആദ്യം പ്ലാസ്റ്റർ ഓഫ് പാരിസ് നിർമ്മിതിയിലുള്ള സാധനമെന്ന് കരുതി ആരും തിരിഞ്ഞ് നോക്കിയില്ല. 


തിരുവനന്തപുരം: കോവളം തീരത്ത് തിമിംഗല ഛർദ്ദി എന്നറിയപ്പെടുന്ന ആംബർ ഗ്രീസിന് സമാനമായ വസ്തു അടിഞ്ഞു. എന്നാല്‍ ഇത് ആംബർ ഗ്രീസ് തന്നെയാണോയെന്ന് സ്ഥിരീകരണമായില്ലെന്ന് അധികൃതർ അറിയിച്ചു. സുഗന്ധദ്രവ്യ നിർമ്മാണത്തിന് ഉപയോഗിക്കുന്ന  ഏറ്റവും കൂടിയ ഇനം തിമിംഗല ഛർദ്ദിലിന് വിപണിയിൽ കിലോക്ക് ഒരു കോടിയിൽപ്പരം രൂപ വിലയുണ്ടെന്നാണ് പറയുന്നത്. 

നിരവധി വർഷങ്ങൾ കൊണ്ട് രൂപം കൊള്ളുന്ന വസ്തു തിമിംഗലങ്ങൾ ഛർദ്ദിക്കുമ്പോഴോ അവ ചത്ത് പോകുമ്പോഴോ ആണ് കരക്കടിയുന്നതെന്ന് വിഴിഞ്ഞത്തെ കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രം അധികൃതർ പറഞ്ഞു. ഇത്ര വലിപ്പമുള്ള തിമിംഗ ഛർദ്ദി കേരളത്തിൽ കണ്ടെത്തിയത് ആദ്യമായിട്ടാണെന്നും അധികൃതർ വിലയിരുത്തുന്നു. വർഷങ്ങളോളം ജീവിക്കുന്ന സ്പെം വെയിലിന്‍റെ സാന്ന്യധ്യം കേരളത്തിന്‍റെ ഉൾക്കടലിലും ഉണ്ടാകാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. എന്നാൽ ഇത് ആംബർ ഗ്രീസ് ആണെന്ന് സ്ഥിരീകരിക്കാറായില്ലെന്നും ലാബിൽ നടത്തുന്ന വിശദമായ പരിശോധനയ്ക്ക് ശേഷമേ പറയാനാകൂവെന്നും വിവരമറിഞ്ഞ് സ്ഥലെത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 

ചൊവ്വാഴ്ച സന്ധ്യയോടെയാണ് വെള്ളനിറത്തിലുള്ളതും 60 കിലോയോളം ഭാരം വരുന്നതുമായ വസ്തു കോവളം ഹൗവ്വാ ബീച്ചിലെ അമ്പലത്തുമൂല ഭാഗത്ത് അടിഞ്ഞത്. ആദ്യം പ്ലാസ്റ്റർ ഓഫ് പാരിസ് നിർമ്മിതിയിലുള്ള സാധനമെന്ന് കരുതി ആരും തിരിഞ്ഞ് നോക്കിയില്ല. ഇന്നലെ രാവിലെ തീരത്തെത്തിയ ലൈഫ് ഗാർഡുകളാണ് കൗതുക വസ്തുവെക്കുറിച്ചുള്ള വിവരം ആദ്യം വിഴിഞ്ഞത്തെ കേന്ദ്ര സമുദ്രമത്സ്യഗവേഷണ കേന്ദ്ര അധികൃതരെ അറിയിച്ചത്. ഇവർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വന്യജീവി നിയമത്തിന്‍റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. 

ഉച്ചയ്ക്ക് ഒരു മണിയോടെ വനം, വന്യജീവി റാപ്പിഡ് റെസ്പോൺസ് ടീമിലെ ബീറ്റ് ഫോറസ്റ്റ് ആഫീസർമാരായ റോസ്നി ജി.എസ്, രഞ്ജിത് ആർ. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തീരത്ത് എത്തി സാധാനം പരിശോധിച്ചു. കണ്ടെത്തിയ വസ്തു പരിശോധിച്ച്‌ തൂക്കം ഉറപ്പ് വരുത്തി മഹസറിൽ  രേഖപെടുത്തിയ ശേഷം വനം വകുപ്പിന്‍റെ വാഹനത്തിൽ വനം വകുപ്പ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി. കടുത്ത നെയ്യോട് കൂടിയ മീനിന്‍റെ ഭാഗമാണെന്ന് ഉറപ്പാണെങ്കിലും ഇതുവരെയും കണ്ടിട്ടില്ലാത്ത ആപൂവ്വ വസ്തുവിനെക്കുറിച്ച് കൂടുതൽ അറിവില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം  പരിശോധിച്ച് ഉറപ്പ് വരൂത്താൻ രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജി ലാബിലേക്ക് സാമ്പിൾ അയച്ചു.  ലാബിൽ നടത്തുന്ന പരിശോധനയ്ക്ക് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു. അതു വരെ അപൂർവ്വ വസ്തു വനംവകുപ്പിന്‍റെ പ്രത്യേക കസ്റ്റഡിയിൽ സൂക്ഷിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് കോൺഗ്രസോ സിപിഎമ്മോ? സമാജ്‌വാദി പാർട്ടി വരെ ജയിച്ച സീറ്റുകളുടെ എണ്ണം ഇങ്ങനെ
കിഴക്കമ്പലത്തെ അട്ടിമറി; ട്വന്‍റി20 പഞ്ചായത്ത് പ്രസിഡന്‍റിനെ വീഴ്ത്തി ഷിബി ടീച്ചർ