Latest Videos

വിരമിച്ച കോളേജ് അധ്യാപകർക്കും പ്രൊഫസർ പദവി, നീക്കം ആർ ബിന്ദുവിന് വേണ്ടിയെന്ന് ആക്ഷേപം

By Web TeamFirst Published Jan 20, 2022, 12:08 PM IST
Highlights

വിരമിച്ച കോളേജ് അധ്യാപകര്‍ക്കും പ്രഫസര്‍ പദവി അനുവദിക്കാന്‍ യുജിസി ചട്ടങ്ങള്‍ ലംഘിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല തീരുമാനം എടുത്തു. മന്ത്രി ബിന്ദുവിന് മുന്‍കാല പ്രാബല്യത്തില്‍ പ്രൊഫസര്‍ പദവി അനുവദിക്കാനാണ് സര്‍വ്വകലാശാലയുടെ ഈ തീരുമാനം എന്നാണ് ആരോപണം.

കോഴിക്കോട്: വിരമിച്ച കോളേജ് അധ്യാപകര്‍ക്കും യുജിസി (UGC) ചട്ടം ലംഘിച്ച് പ്രൊഫസര്‍ പദവി നല്‍കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല (Calicut University) തീരുമാനം. മന്ത്രി ബിന്ദുവിന് (R Bindu) പ്രൊഫസര്‍ പദവി അനുവദിക്കാനാണിതെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിക്കുന്നത്. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ നേതാക്കള്‍ പരാതി നല്‍കി. 

2018 ലെ യുജിസി റെഗുലേഷന്‍ വകുപ്പ് 6.3 പ്രകാരം സര്‍വ്വീസില്‍ തുടരുന്നവരെ മാത്രമേ പ്രഫസര്‍ പദവിക്ക് പരിഗണിക്കാന്‍ പാടുള്ളൂ. എന്നാല്‍ വിരമിച്ച കോളേജ് അധ്യാപകര്‍ക്കും പ്രഫസര്‍ പദവി അനുവദിക്കാന്‍ യുജിസി ചട്ടങ്ങള്‍ ലംഘിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല തീരുമാനം എടുത്തു. ഇതിനായി യുജിസി ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് വൈസ്ചാന്‍സിലര്‍ ഉത്തരവിറക്കി.

മന്ത്രി ബിന്ദു കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപികയായിരുന്നു. തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ സ്വയം വിരമിച്ചു. മന്ത്രി ബിന്ദുവിന് മുന്‍കാല പ്രാബല്യത്തില്‍ പ്രൊഫസര്‍ പദവി അനുവദിക്കാനാണ് സര്‍വ്വകലാശാലയുടെ ഈ തീരുമാനം എന്നാണ് ആരോപണം.

പ്രൊഫസര്‍ പദവി വെച്ച് ബിന്ദു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും ബാലറ്റ് പേപ്പറില്‍ പ്രൊഫസര്‍ എന്ന് രേഖപ്പെടുത്തിയതും വിവാദമായിരുന്നു. ഇത് ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ കേസും നല്‍കിയിട്ടുണ്ട്. അത് ദുര്‍ബലപ്പെടുത്താന്‍ കൂടിയാണ് സര്‍വ്വകലാശാലയുടെ ഇപ്പോഴത്തെ നീക്കമെന്നും ആക്ഷേപമുണ്ട്. പ്രഫസര്‍ ബിന്ദു എന്ന പേരില്‍ മന്ത്രി സത്യപ്രതിജ്ഞ ചെയ്തത് വിവാദമായതോടെ പ്രഫസര്‍ പദവി പിന്‍വലിച്ച് കഴിഞ്ഞ ജൂണ്‍ 8 ന് അസാധാരണ ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു.

click me!