
കൊച്ചി: അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ചിത്രം പകര്‍ത്താന്‍ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ എസ്.ഐ മര്‍ദിച്ചെന്ന് പരാതി. എറണാകുളം ഞാറയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐയ്ക്കെതിരെയാണ് യുവാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. എന്നാല്‍ യുവാവിനെ മര്‍ദിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
ഞാറയ്ക്കല്‍ സ്വദേശി റോഷന്‍ ചെറിയാനാണ് പരാതിക്കാരന്‍. റോഷന്റെ സുഹൃത്തിന്റെ വാഹനം അപകടത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വണ്ടി തിരികെ കിട്ടാന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയിലെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കാന്‍ വണ്ടിയുടെ ഫോട്ടോകള്‍ ആവശ്യമായിരുന്നു. ഈ ഫോട്ടോയെടുക്കാന്‍ ഇക്കഴിഞ്ഞ 21-ാം തീയതി സ്റ്റേഷനിൽ എത്തിയപ്പോള്‍ സ്റ്റേഷനിലെ എസ്.ഐ സനീഷ് അസഭ്യം പറഞ്ഞെന്നും സ്റ്റേഷന് ഉള്ളിലേക്ക് വലിച്ചു കൊണ്ടുപോയി മര്‍ദിച്ചെന്നുമാണ് റോഷന്റെ പരാതി. കാലില്‍ ബൂട്ടിട്ട് ചവിട്ടിയെന്നും ബെല്‍റ്റ് പോലെയുളള വസ്തു ഉപയോഗിച്ച് ഇടിച്ചെന്നും റോഷന്‍ പറയുന്നു.
അതേസമയം റോഷനെ മര്‍ദിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. നേരിയ വാക്കുതര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും പൊലീസ് പറയുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് റോഷൻ. ആരോപണ വിധേയനായ എസ്ഐയ്ക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam