
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടയിൽ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യവും ലളിതവുമാക്കാൻ പുതിയ പരിഷ്കാരവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഉപയോഗിക്കുന്ന വിവിധ പ്രചാരണ വാഹനങ്ങൾക്കുള്ള അനുമതികൾ ഇനി മുതൽ പൂർണ്ണമായും സുവിധ (Suvidha) പോർട്ടൽ വഴി ഓൺലൈനായി മാത്രമേ നൽകുകയുള്ളൂ. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ അപേക്ഷകൾ സമർപ്പിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും പ്രവർത്തനങ്ങൾ ഡിജിറ്റൈസ് ചെയ്യാനുമാണ് ഈ നീക്കം. ഇതിനായി സ്ഥാനാർത്ഥികൾക്കും പാർട്ടികൾക്കും suvidha.eci.gov.in എന്ന വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ എസിനെറ്റ് (ECINET) എന്ന മൊബൈൽ ആപ്പ് വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
സുവിധ പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം അനുയോജ്യമായ അനുമതി വിഭാഗം തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തണം. രാഷ്ട്രീയ പാർട്ടിയുടെയും സ്ഥാനാർത്ഥിയുടെയും വിവരങ്ങൾക്കൊപ്പം വാഹന നമ്പർ, ഡ്രൈവർ വിവരങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തണം. വീഡിയോ വാനുകൾ പോലുള്ള പ്രത്യേക വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള എൻ.ഒ.സി കൂടി നിർബന്ധമാണ്. വാഹനത്തിന്റെ ആർ.സി ബുക്ക്, ഇൻഷുറൻസ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, മലിനീകരണ സർട്ടിഫിക്കറ്റ് (PUCC), ഡ്രൈവിംഗ് ലൈസൻസ്, ടാക്സ് രസീത് തുടങ്ങിയ പ്രധാന രേഖകളെല്ലാം അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കണം. ഒരു കാരണവശാലും ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമായും മൂന്ന് വിഭാഗങ്ങൾക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നേരിട്ട് അനുമതി നൽകുന്നത്. പ്രചാരണ വീഡിയോകൾ പ്രദർശിപ്പിക്കുന്ന വീഡിയോ വാനുകൾ, നോട്ടീസുകളും പോസ്റ്ററുകളും എത്തിക്കുന്ന പ്രചാരണ സാമഗ്രികളുടെ ഗതാഗത വാഹനങ്ങൾ, അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സ്റ്റാർ ക്യാമ്പയിനർമാർക്കുള്ള വാഹനങ്ങൾ എന്നിവയാണവ. ഇതിൽ വീഡിയോ വാനുകൾക്ക് എം.സി.എം.സി സർട്ടിഫിക്കറ്റും പരസ്യ ഫീസ് രസീതും ആവശ്യമാണ്. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സംസ്ഥാനതലത്തിൽ പ്രചാരണ സാമഗ്രികൾ വിതരണം ചെയ്യാൻ പരമാവധി ആറ് വാഹനങ്ങൾ വരെ ഉപയോഗിക്കാം. എന്നാൽ ഈ വാഹനങ്ങൾ മൈക്ക് അനൗൺസ്‌മെന്റിനോ മറ്റ് പ്രചാരണങ്ങൾക്കോ ഉപയോഗിക്കാൻ പാടില്ലെന്ന കർശന നിർദ്ദേശമുണ്ട്.
സ്റ്റാർ ക്യാമ്പയിനർമാരുടെ വാഹനങ്ങളുടെ വിൻഡ് സ്ക്രീനിൽ അനുമതി പത്രം നിർബന്ധമായും പ്രദർശിപ്പിക്കണം. സംസ്ഥാനതലത്തിൽ ഉപയോഗിക്കാവുന്ന ഈ അനുമതി പത്രങ്ങൾ തിരിച്ചറിയാൻ എളുപ്പത്തിനായി പ്രത്യേക നിറത്തിലുള്ളവയായിരിക്കും. സ്ഥാനാർത്ഥികൾക്കും പാർട്ടികൾക്കും സുവിധ പോർട്ടലിൽ ലഭ്യമായ അപേക്ഷാ മാതൃകകൾ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ഓൺലൈനായി മാത്രം സമർപ്പിക്കാവുന്നതാണ്. ഡിജിറ്റൽ യുഗത്തിലെ വോട്ടർമാരെ കയ്യിലെടുക്കാൻ റാപ്പ് സോങ്ങുകളും സോഷ്യൽ മീഡിയ ക്യാമ്പയിനുകളുമായി മുന്നേറുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഈ ഓൺലൈൻ അനുമതി സംവിധാനം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam