കൊവിഡ് 19: ആരോ​ഗ്യവകുപ്പ് പറയുന്നു, പ്രതിരോധ പ്രവർത്തനങ്ങളിൽ നിങ്ങൾക്കും കൈകോർക്കാം...

By Web TeamFirst Published Mar 21, 2020, 5:47 PM IST
Highlights

വീടുകള്‍, ആശുപത്രികള്‍, ഐസോലേഷന്‍ വാര്‍ഡുകള്‍, എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് തുടങ്ങിയ ഇടങ്ങളിലെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പങ്കാളികളാകാം.


തിരുവനന്തപുരം: കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ സജീവമായ പ്രതിരോധ പ്രവർത്തനങ്ങളുമായാണ് സംസ്ഥാന സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ. കൊവിഡ് 19 വ്യാപനത്തിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിന്റെ ഭാ​ഗമായി ആരോ​ഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ ആ​രോ​ഗ്യപ്രവർത്തകരുടെയും വോളന്റിയേഴ്സിന്റെയും സേവനം ആവശ്യപ്പെട്ടിരുന്നു. വളരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സ്റ്റേറ്റ് എച്ച് ആർ അഡ്മിനിസ്ട്രേഷൻ മാനേജർ കെ. സുരേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വെളിപ്പെടുത്തി. 

''മെഡിക്കൽ രം​ഗത്തുനിന്നുള്ളവരാണ് കൂടുതലും സന്നദ്ധത അറിയിച്ച് രം​ഗത്ത് വന്നത്. മാത്രമല്ല, സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ളവരുണ്ടായിരുന്നു ഇക്കൂടത്തിൽ. ഡോക്ടേഴ്സ്, നഴ്സുമാർ, ഫാർമസിസ്റ്റുമാർ, ഹോസ്പിറ്റൽ ജീവനക്കാർ, ആരോ​ഗ്യപ്രവർത്തകർ, ജനകീയ സമിതികൾ, യുവജനങ്ങൾ, സാധാരണക്കാർ തുടങ്ങി നിരവധി പേരാണ് സന്നദ്ധത അറിയിച്ചത്. 2345 ഡോക്ടർമാരാണ് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ തയ്യാറാണെന്ന് അറിയിച്ചത്. അതാത് ജില്ലകളിലെ കളക്ടറേറ്റുമായി ബന്ധപ്പെട്ടാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.'' സുരേഷ് വ്യക്തമാക്കി.

അതാത് ജില്ലകളിൽ പൊലീസും ആരോ​ഗ്യപ്രവർത്തകരും പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് ആരോ​ഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. വീടുകളിൽ നിരീഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമായ മാർ​ഗനിർദ്ദേശങ്ങൾ നൽകും. നിർദ്ദേശം മറികടക്കുന്നവരെ കണ്ടെത്താനും അവർക്ക് നേരെയുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കാനും തീരുമാനിച്ചിരിക്കുകയാണ്. അസുഖമില്ലാത്ത കുഞ്ഞുങ്ങളെയും വൃദ്ധരെയും ആശുപത്രികളിൽ കൊണ്ടുവരാൻ പാടില്ലെന്ന് ആരോ​ഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. അതീവജാ​ഗ്രത പാലിക്കേണ്ട സമയമാണ്. എല്ലാ ജില്ലകളിലും ആരോ​ഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും മാസ്ക് വിതരണവും സംഘടിപ്പിക്കും. അതുപോലെ മിക്ക ജില്ലകളിലും കൈകഴുകൽ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആരോ​ഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ജനകീയ സമിതികളും സജീവമായി പങ്കെടുക്കുന്നുണ്ട്.

വീടുകള്‍, ആശുപത്രികള്‍, ഐസോലേഷന്‍ വാര്‍ഡുകള്‍, എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് തുടങ്ങിയ ഇടങ്ങളിലെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പങ്കാളികളാകാം. താത്പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ https://forms.gle/3FtcS7ovp1YGG9539  എന്ന ലിങ്കില്‍ കയറി വോളണ്ടിയര്‍ ഫോം പൂരിപ്പിക്കുക. ആരോഗ്യവകുപ്പ് അധികൃതർ തിരികെ ബന്ധപ്പെടുന്നതായിരിക്കും. 

click me!