ആരോഗ്യസർവ്വേ വിവരങ്ങൾ പണം കൊടുത്ത് കൈക്കലാക്കി കനേഡിയൻ ഏജൻസി; മറുപടി പറയാതെ ആരോഗ്യവകുപ്പ്

By Web TeamFirst Published Nov 3, 2020, 11:03 AM IST
Highlights

സര്‍വേ നടത്തിയത് സര്‍ക്കാര്‍, ആരോഗ്യ വിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകിയത് അച്യുതമേനോൻ സെൻ്ററിന്. എന്നാല്‍ ഇതുമായി ഒന്നും ബന്ധമില്ലാത്ത എന്‍ജിഒ ഹെല്‍ത്ത് ആക്ഷൻ ബൈ പീപ്പിൾ സര്‍വേയുടെ പ്രാരംഭ ചര്‍ച്ച മുതല്‍ ഡാറ്റാ ശേഖരണത്തിലടക്കം ഇതുവരേയും സജീവം.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ആരോഗ്യ സര്‍വേ വിവരങ്ങൾ കനേഡിയൻ ഗവേഷണ ഏജൻസിക്ക് ലഭ്യമാക്കിയതിനു പിന്നാലെ എന്‍ജിഒയായ ഹെല്‍ത്ത് ആക്ഷൻ ബൈ പീപ്പിളിന് വലിയ തുക പ്രതിഫലം കിട്ടിയെന്ന് രേഖകള്‍. സര്‍ക്കാര്‍ ഫണ്ട് ചെലവഴിച്ച് നടത്തിയ സര്‍വേയില്‍ ഹെല്‍ത്ത് ആക്ഷൻ ബൈ പീപ്പിൾ ഉൾപ്പെട്ടതും ഇതിന്‍റെ പേരിൽ ഈ സംഘടനയുടെ സെക്രട്ടറി ഡോ കെ വിജയകുമാര്‍ കനേഡിയൻ ഗവേഷണ ഏജൻസിയായ പി എച്ച് ആര്‍ ഐയില്‍ നിന്ന് നേരിട്ട് പണം കൈപ്പറ്റിയതും ദുരൂഹമാണ്.

സര്‍വേ നടത്തിയത് സര്‍ക്കാര്‍, ആരോഗ്യ വിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകിയത് അച്യുതമേനോൻ സെൻ്ററിന്. എന്നാല്‍ ഇതുമായി ഒന്നും ബന്ധമില്ലാത്ത എന്‍ജിഒ ഹെല്‍ത്ത് ആക്ഷൻ ബൈ പീപ്പിൾ സര്‍വേയുടെ പ്രാരംഭ ചര്‍ച്ച മുതല്‍ ഡാറ്റാ ശേഖരണത്തിലടക്കം ഇതുവരേയും സജീവം. ഇവരെ പങ്കാളിയാക്കാൻ തീരുമാനിച്ചതിന് സര്‍ക്കാര്‍ ഉത്തരവില്ല. മാത്രവുമല്ല ഹെല്‍ത്ത് ആക്ഷൻ ബൈ പീപ്പിൾ സര്‍വ്വേയിൽ പങ്കെടുത്തിട്ടില്ലെന്ന വിശദീകരണവും ആരോഗ്യവകുപ്പിനുണ്ട്. അങ്ങനെയെങ്കില്‍ സര്‍വേയുമായി ബന്ധപ്പെട്ടാണെന്ന് വ്യക്തമാക്കി പി എച്ച് ആര്‍ ഐ ആദ്യ ഗഡുവായി നല്‍കിയ 7300 ഡോളര്‍ ഡോ വിജയകുമാര്‍ കൈപ്പറ്റിയതെങ്ങനെ?

ഡോ വിജയകുമാര്‍ മാത്രമല്ല അമൃത ആശുപത്രിയിലെ ഡോ മനുരാജിനും സര്‍വേയുമായി ബന്ധപ്പെട്ട് പണം നല്‍കിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഈ ഡോക്ടര്‍ക്ക് സര്‍ക്കാരിന്‍റെ സര്‍വേയുമായി എന്താണ് ബന്ധം.

ഈ ചോദ്യങ്ങൾക്ക് കൂടി ആരോഗ്യവകുപ്പ് ഉത്തരം നല്‍കണം.

1. ഹെല്‍ത്ത് ആക്ഷൻ ബൈ പിപ്പിളിന്‍റെ സെക്രട്ടറിയായ ഡോ.വിജയകുമാര്‍ എങ്ങനെ സര്‍വേയില്‍ ഉൾപ്പെട്ടു?

2. സര്‍വേ വിവരങ്ങള്‍ വിശകലനം ചെയ്യുന്ന സംഘത്തിലും സോഫ്റ്റ്‍വെയറിലും വിജയകുമാറിനെങ്ങനെ നേരിട്ട് ഇടപെടാനായി?

3. സര്‍വേ നടന്ന വീടുകളിലെ മരണങ്ങൾ വിശകലനം ചെയ്യാനുള്ള വെര്‍ബൽ ഓട്ടോപ്സി ചുമതല എങ്ങനെ വിജയകുമാറിന് കിട്ടി ?

4. സര്‍വേയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉന്നതതല യോഗങ്ങളിലെല്ലാം വിജയകുമാര്‍ എങ്ങനെ പങ്കെടുത്തു

അതേസമയം പിഎച്ച്ആർഐയിൽ നിന്ന് മറ്റ് പല പഠനങ്ങൾക്കും പണം കിട്ടിയിട്ടുണ്ടെന്നും കിരണുമായി ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ ചെയർമാൻ ഡോ വി രാമൻ കുട്ടിയുടെ വിശദീകരണം. 

click me!