അമ്പലത്തിൽ പോയാൽ മൃദുഹിന്ദുത്വം എന്ന നയം കൊണ്ട് മോദിയെ തോൽപിക്കാനാവില്ല: എ.കെ. ആൻ്റണി

By Web TeamFirst Published Dec 28, 2022, 5:58 PM IST
Highlights

മുസ്ളീങ്ങൾക്കും ക്രൈസ്തവര്‍ക്കും പള്ളിയിൽ പോകാം. പക്ഷെ ഹൈന്ദവ സുഹൃത്തുക്കൾ അമ്പലത്തിൽ പോയാൽ അപ്പോൾ മൃദു ഹിന്ദുത്വ സമീപനം എന്ന് പറഞ്ഞാൽ മോദി ഭരണം തിരിച്ചുവരുമെന്ന് ആൻ്റണി

മോദിയെ താഴെയിറക്കാൻ ന്യൂനപക്ഷങ്ങൾ മാത്രം പോരെന്നും ഭൂരിപക്ഷ വിഭാഗങ്ങളെയും അണിനിരത്തണമെന്നും എകെ ആൻറണി. ഹൈന്ദവ സഹോദരങ്ങൾ അമ്പലത്തിൽ പോയി കുറി തൊട്ടാൽ അപ്പോൾ തന്നെ മൃദുഹിന്ദുത്വ സമീപനം എന്ന് പറഞ്ഞാൽ മോദി ഭരണം തിരിച്ചു വരുമെന്നും ആൻ്റണി പറഞ്ഞു.

വ‍ര്‍ഷങ്ങൾക്ക് മുൻപ് ന്യൂനപക്ഷ പ്രസ്താവനയിലൂടെ വിവാദങ്ങൾ സൃഷ്ടിച്ച ആളാണ് എ.കെ.ആൻ്റണി, ഇപ്പോഴിതാ പതിറ്റാണ്ടുകൾക്ക് ശേഷം 
ആൻ്റണിയുടെ മറ്റൊരു ന്യൂനപക്ഷ പ്രസ്താവന കൂടി ചര്‍ച്ചയാവുകയാണ്. കോൺഗ്രസ് വാർഷികദിനത്തിൽ ഇന്ദിരാഭവനിൽ എ.കെ.ആൻ്റണി നടത്തിയ പ്രസംഗത്തിന് ദേശീയ- സംസ്ഥാന രാഷ്ട്രീയത്തിൽ മാനങ്ങളേറെയാണ്. ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ മാത്രമാണ് കോൺ്ഗ്രസ് ശ്രമമെന്ന ആക്ഷേപം നേരത്തേ ദേശീയ രാഷ്ട്രീയത്തിലുണ്ട്. ഹിന്ദുവിഭാഗങ്ങളെയും ഒപ്പം നിർത്താതെ പറ്റില്ലെന്നും അത്തരം നീക്കങ്ങളെ മൃദുഹിന്ദുത്വമെന്ന് വിളിക്കുമ്പോൾ ആശങ്ക വേണ്ടെന്നുമാണ് പാർട്ടി നേതാക്കൾക്ക് മുന്നിൽ എ.കെ. വെച്ച പുതിയ അടവ് നയം. 

രാഹുൽഗാന്ധിയടക്കം ക്ഷേത്രങ്ങളിൽ പോകുന്നതിനെ ഉയർത്തി കോൺഗ്രസ് ബിജെപി ബി ടീമെന്ന ഇടത് വിമർശനങ്ങളെ മുനയൊടിക്കൽ മാത്രമല്ല ആൻറണിയുടെ ലക്ഷ്യം. സംസ്ഥാനത്ത് ലീഗ് അടക്കമുള്ള യുഡിഎഫിലെ ഘടകകക്ഷികൾക്കും കോൺഗ്രസ്സിനെതിരെയുള്ള മൃദുഹിന്ദുത്വ പരാതിയെയും ഒരുതരത്തിൽ തള്ളുകയാണ് എ.കെ ആൻ്റണി. 

പിണറായിയുടെ സാമുദായികപരീക്ഷണങ്ങളിൽ ന്യൂനപക്ഷങ്ങളെ സിപിഎം നന്നായി ആകർഷിക്കുമ്പോൾ ഹിന്ദു കേ‍ഡർ വോട്ട് ഉറപ്പിക്കാനും അവർക്ക് കഴിയുന്നുണ്ട്, ഈ ഘട്ടത്തിൽ സംസ്ഥാന കോൺഗ്രസ് നേതാക്കൾ ഇതുവരെ ടാർജറ്റ് ചെയ്ത് വരുന്നത് ലീഗിനെ കൂടി സന്തോഷിപ്പിച്ചുള്ള ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തൽ. നാളെ ലീഗ് മുന്നണി വിട്ടാൽ പോലും പകരം ഭൂരിപക്ഷം വോട്ട് ഉറപ്പിക്കാമെന്ന ദൂരക്കാഴ്ച പോലും ആൻറണിയുടെ പരാമർശത്തിൽ കാണുന്നുവരുണ്ട്

click me!