
ഇടുക്കി: പശുക്കളും സാമ്പത്തികവുമൊക്കെയായി നിരവധി പേര്‍ സഹായം വാഗ്ദാനം ചെയ്തതോടെ ഇടുക്കിയിലെ വെള്ളിയാമറ്റത്തെ പത്താം ക്ലാസുകാരന്‍ മാത്യുവും കുടുംബവും സന്തോഷത്തിലാണ്. പതിനെട്ട് പശുക്കളെ കെട്ടാനുള്ള സൗകര്യമേ നിലവിലെ തൊഴുത്തിനുള്ളൂ എന്നതിനാല്‍ പുതിയത് നിര്‍മ്മിക്കാനുള്ള തീരുമാനത്തിലാണ് മാത്യുവും ജോര്‍ജ്ജും. മൃഗ ഡോക്ടറാവാനാണ് ആഗ്രഹമെന്ന് മാത്യു പറഞ്ഞു,
"പശുക്കളെ നഷ്ടമായ ദിവസങ്ങളില്‍ നന്നായിട്ട് ഉറങ്ങാനൊന്നും പറ്റിയില്ല. കണ്ണടയ്ക്കുമ്പോഴൊക്കെ പശുക്കള്‍ പിടയ്ക്കുന്നതാണ് ഓര്‍മ്മ വന്നത്. ഇന്നലെ ചെറുതായിട്ട് മയങ്ങി. പഴയതൊക്കെ മറക്കണം. പക്ഷേ മറക്കാന്‍ പറ്റൂല്ല. ഞങ്ങള്‍ സ്നേഹിച്ചു വളര്‍ത്തിയ പശുക്കളല്ലേ. ഓരോരോ കാര്യങ്ങള്‍ ഓര്‍മ്മ വരും"- മാത്യുവും ജോര്‍ജ്ജും പറഞ്ഞു.
കുട്ടികളടക്കം 22 പശുക്കളായിരുന്നു നേരത്തെയുണ്ടായിരുന്നത് അതില്‍ 13 എണ്ണം നഷ്ടമായപ്പോള്‍ കുട്ടികള്‍ക്ക് വാഗ്ദാനമായി കിട്ടിയത് 28 പശുക്കളെ. ഓമനിച്ച് വളര്‍ത്തിയവ നഷ്ടമായതിന്‍റെ സങ്കടം പതുക്കെ തരണം ചെയ്യുകയാണ് മാത്യു. ഷപഴയ ദിനചര്യ ആരംഭിച്ചുകഴിഞ്ഞു. രാവിലെ 6 മണി മുതല്‍ പതിവ് പശുപരിപാലനം തുടങ്ങുന്നു. ചാണകം വാരി പശുക്കളെ കുളിപ്പിച്ച് കറന്ന് പാല്‍ സൊസൈറ്റിയില്‍ എത്തിക്കും. 9 മണിയോടെ സ്കൂളിലേക്ക് പോകും.
പി ജെ ജോസഫ് കൊടുത്തുവിട്ട പശു ഇതിനകം കുട്ടികളോട് ഇണങ്ങി. ഇനിയും ഇതുപോലെ 28 പശുക്കള്‍ തൊഴുത്തിലേക്ക് വരാനുണ്ട്. എന്നാല്‍ അമ്മയെ നഷ്ടമായ ഒരു കിടാവ് പശുത്തൊഴുത്തില്‍ ഇപ്പോഴും സങ്കടത്തോടെ കിടപ്പുണ്ട്. മാത്യുവും ജോര്‍ജ്ജുമെത്തുമ്പോള്‍ അവരെ ചുറ്റിപ്പറ്റിയിരിക്കും.
ഡിസംബര്‍ 31 രാത്രിയും ഒന്നാം തീയതി പുലര്‍ച്ചെയുമായാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തത്. ഞായറാഴ്ച വൈകുന്നേരം പുതുവത്സരവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ പുറത്തു പോയിരുന്നു. രാത്രി എട്ടോടെ തിരിച്ചു വന്നതിനു ശേഷം പശുക്കള്‍ക്ക് തീറ്റ കൊടുത്തു. മരച്ചീനിയുടെ തൊലി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാം എന്നാണ് സംശയം. ഏതാനും സമയം കഴിഞ്ഞതോടെ പശുക്കള്‍ ഒന്നൊന്നായി തളര്‍ന്നു വീഴുകയും പിന്നീട് ചാകുകയുമായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാര്‍ ഓടിയെത്തി. വെറ്റിനറി ഡോക്ടര്‍മാരും സ്ഥലത്തെത്തി മരുന്ന് നല്‍കിയെങ്കിലും 13ഓളം പശുക്കള്‍ ചത്തു.
പിതാവിന്റ മരണത്തിനു ശേഷമാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു മാത്യു 13-ാം വയസില്‍ ക്ഷീര മേഖലയിലേക്കു കടന്നത്. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കുട്ടിയാണ് മാത്യു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam