
കോട്ടയം: വയോധിക വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അഞ്ച് മാസത്തിന് ശേഷം കുറ്റക്കാരെ കണ്ടെത്തി മുണ്ടക്കയം പൊലീസ്. ഡിസംബർ 15 ന് കോരുത്തോട് പനക്കച്ചിറയിൽ 88 വയസുണ്ടായിരുന്ന തങ്കമ്മ അപകടത്തിൽ മരിച്ച സംഭവത്തിലാണ് മുണ്ടക്കയം പൊലീസിന്റെ ഇടപെടൽ ഫലം കണ്ടത്. ശബരിമല തീർഥാടകരുടെ വാഹനം ഇടിച്ചാണ് തങ്കമ്മ മരിച്ചതെന്ന് വ്യക്തമായിരുന്നു.
എന്നാൽ നിര്‍ത്താതെ പോയ വാഹനം കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ കേസ് അന്വേഷണം തുടര്‍ന്ന മുണ്ടക്കയം പൊലീസ് ഇതിനായി 2000 ത്തിലേറെ സിസിടിവികൾ പരിശോധിച്ചു. മൂന്നാറിൽ നിന്ന് ലഭിച്ച ഒരു ദൃശ്യത്തിൽ ഈ കാറും നമ്പറും തിരിച്ചറിഞ്ഞത് അന്വേഷണത്തിൽ വഴിത്തിരിവായി. ഇതിന് പിന്നാലെ പോയ പൊലീസ് ഒടുവിൽ ഹൈദരാബാദിൽ നിന്നാണ് വാഹനം കണ്ടെത്തിയത്.
സംഭവം നടന്ന ദിവസം വാഹനം വാടകയ്ക്ക് കൊടുത്തിരുന്നുവെന്ന ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ തിരിച്ചറിഞ്ഞത്. പിന്നാലെ കരിംനഗര്‍ വചുനൂര്‍ സ്വദേശി കെ ദിനേശ് റെഡ്ഡിയെ പൊലീസ് ഇവിടെയെത്തി കസ്റ്റഡിയിലെടുത്തു. ദിനേശ് റെഡ്ഡിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പ്രതിക്കെതിരെ കേസെടുത്തുവെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam